ഇടുക്കിയിൽ ജപ്‌തി നടപടിക്കിടെ വീട്ടമ്മ പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ എസ് ഐയ്‌ക്കടക്കം പൊള്ളലേറ്റു

Friday 19 April 2024 5:25 PM IST

നെടുങ്കണ്ടം: ജപ്‌തി നടപടിക്കിടെ ആത്മഹത്യാ ശ്രമവുമായി വീട്ടമ്മ. രക്ഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്‌ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗ്രേഡ് എസ്.ഐ ബിനോയി, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വയോധികയയെ യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കഴിഞ്ഞദിവസമുണ്ടായിരുന്നു. പെരിന്തൽമണ്ണ പൊന്ന്യാകുർശി കുന്നുമ്മൽ മുജീബിനെയാണ് (38) സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. താഴേക്കോട് അരക്കുപറമ്പ് ചിലമ്പുകാടൻ ഫാത്തിമ(73)യെ മാർച്ച് എട്ടിന് മുജീബും മറ്റൊരാളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയിലും വീടിന്റെ ചുമരിലും പെട്രോളായതോടെ ഫാത്തിമ ഓടിമാറി. ഇനിയും വരുമെന്നും പെട്രോളൊഴിച്ച് കൊല്ലുമെന്നും ഈ സമയം മുജീബ് പറഞ്ഞു. ജില്ലാ കോടതി ജാമ്യഅപേക്ഷ നിരസിച്ചതോടെയാണ് മുജീബ് പിടിയിലായത്.