കണി കാണാൻ ചക്കയില്ല, താരമായി ആഞ്ഞിലിച്ചക്ക

Saturday 20 April 2024 1:39 AM IST

വെഞ്ഞാറമൂട്: ഇത്തവണ വിഷുവിന് കണികാണാൻ പോലും ചക്കയില്ലായിരുന്നു. ചക്കയുടെ സീസണാണെങ്കിലും പതിവുപോലെ സുലഭമല്ല. ഇന്ന് ചക്ക വേണമെങ്കിൽ കടകളിൽ നിന്ന് ചുളയെണ്ണി വാങ്ങേണ്ട അവസ്ഥ. എല്ലാവരും കാലാവസ്ഥയെ പഴിക്കുമ്പോൾ ചക്കയ്ക്ക് പൊന്നും വിലയാണ്. കടകളിൽനിന്നും ചക്ക വില കൊടുത്ത് വാങ്ങുന്ന പാരമ്പര്യം മലയാളിക്ക് പുതിയ അനുഭവം തന്നെ.

പ്ലാവ് നിറയെ ചക്കയുള്ള കാലമാണ് മേടമാസം. എന്നാൽ ഇക്കുറി അങ്ങനെയല്ല. കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽനിന്നും രക്ഷിച്ച മലയാളിയുടെ ഇഷ്ടഭക്ഷണത്തിന് ഇന്ന് കിലോയ്ക്ക് എൺപതു മുതൽ നൂറു രൂപ വരെ വിലയുണ്ട്. ചക്ക ഒന്നായും മുറിച്ച് പീസുകളായും കടകളിൽ വില്പനയ്ക്കായി നിരത്തി വച്ചിരിക്കുന്നത് കാണുമ്പോൾ പ്രായമായവർക്ക് അതിശയം. ചക്കയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. എന്നാൽ ആവശ്യത്തിന് ചക്ക കിട്ടാനില്ലാത്തതാണ് പ്രശ്‌നം. വില എത്രയായാലും വാങ്ങാൻ വരുന്നവർക്ക് പ്രശ്‌നമല്ല. നല്ല ചക്ക കിട്ടണം. പഴുത്തതിനേക്കാൾ ഡിമാന്റ് പച്ച ചക്കയ്ക്കാണ്.

 കിലോയ്ക്ക് 80 മുതൽ 100 വരെ

 വേനലിൽ താരം ആഞ്ഞിലിച്ചക്ക

ഒരു കാലത്ത് വീട്ടുമു​റ്റത്ത് സുലഭമായിരുന്ന ആഞ്ഞിലിച്ചക്കയിപ്പോൾ വഴിയോരത്ത് സുലഭമാണ്. ആഞ്ഞിലിപ്പഴത്തെ ഇപ്പോൾ പുതുതലമുറ ഏ​റ്റെടുത്തുകഴിഞ്ഞു. പഴവിപണിയിൽ വൻ ഡിമാൻഡായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിൻപുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി. പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയ്ക്കാണ് ഡിമാൻഡ്. സൂപ്പർമാർക്കറ്റു​കളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കുണ്ട്. പഞ്ഞമാസങ്ങളിൽ മലയാളിയുടെ പ്രധാന പോഷകാഹാരമായിരുന്നു അയിനിച്ചക്ക, ആനിക്ക, ഐനിച്ചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലിച്ചക്കയുടെ പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുകഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്നുവേറെയാണെന്ന് പഴമക്കാർ പറയുന്നു.

Advertisement
Advertisement