25കാരിയായ മുന്‍ കാമുകിയെ നെഞ്ചിലും വയറ്റിലും കുത്തി കൊലപ്പെടുത്തി 45കാരന്‍; മകളുടെ ഘാതകനെ വകവരുത്തി യുവതിയുടെ അമ്മ

Friday 19 April 2024 7:34 PM IST

ബംഗളൂരു: മുന്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവിനെ കാമുകിയുടെ അമ്മ കൊലപ്പെടുത്തി. ബംഗളൂരുവിലാണ് 25 കാരിയായ അനുഷയെ കുത്തി വീഴ്ത്തിയ പ്രതി സുരേഷിനെ അനുഷയുടെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇവന്റ് മാനേജറായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സുരേഷ് മുമ്പ് തന്നോടൊപ്പം ജോലി ചെയ്തിരുന്ന അനുഷയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. അനുഷ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പോകാനും തുടങ്ങിയിരുന്നു.

എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് അനുഷയെ പിന്നാലെ നടന്ന് ശല്യം ചെയ്തു. സഹികെട്ട അനുഷ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് അനുഷയുടെ പരാതിയില്‍ സുരേഷിനെ താക്കീത് നല്‍കി വിടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും ഇയാള്‍ അനുഷയെ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവസാനമായി ഒന്ന് നേരില്‍ക്കണ്ട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട സുരേഷ് അനുഷയോട് അവളുടെ വീടിന് സമീപത്തുള്ള ജെ.പി നഗറിലെ പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് അനുഷ എത്തി. ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കേറ്റത്തിലേക്ക് എത്തിയതിന് പിന്നാലെ സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് അനുഷയുടെ നെഞ്ചിലും വയറ്റിലും ആവര്‍ത്തിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. മകള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയും വഴിയില്‍ കിടന്ന ഒരു ഇഷ്ടിക ഉപയോഗിച്ച് സുരേഷിന്റെ തലയില്‍ അടിക്കുകയും ചെയ്തു. അടിയേറ്റ് വീണ സുരേഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.