രഹസ്യ നീക്കങ്ങൾ, ചരടുവലികൾ

Saturday 20 April 2024 12:44 AM IST

എം.പി.മാരുടെ പോരിൽ ചൂടുപിടിച്ചിരിക്കുകയാണ് സാമൂതിരിയുടെ തട്ടകം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോൾ അടിയൊഴുക്കുകളിലാണ് ഇരുമുന്നണികളുടയെയും കണ്ണ്. രാഷ്ട്രീയ വോട്ടുകൾക്കപ്പുറം മത-സാമുദായിക വോട്ടുകളിലേക്ക് നിശബ്ദം കടന്നുചെല്ലുകയാണ് നേതാക്കൾ. ഇ.കെ. സുന്നിവിഭാഗം, എ.പി. സുന്നിവിഭാഗം, ജമാ-അത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെയെല്ലാം ആസ്ഥാനമുള്ള കോഴിക്കോട്ട് ഇവരുടെയെല്ലാം മറിയുന്ന വോട്ടുകൾ നിർണായകമാണ്. ഒപ്പം ഹിന്ദു വിഭാഗത്തിലെ വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും.

മൂന്നുവട്ടം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന്റെ എം.കെ. രാഘവനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീമും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എം.ടി.രമേശ് എൻ.ഡി.എ സ്ഥാനാർഥിയായി രംഗത്തുള്ളതും അത്ര ചെറുതായിക്കാണാനാവില്ല. എം.പി എന്ന നിലയിൽ മണ്ഡലത്തിലെത്തിച്ച വികസന പദ്ധതികളും എല്ലാവർക്കും സ്വീകാര്യനെന്ന ഇമേജും മുൻനിറുത്തിയാണ് രാഘവന്റെ തേരോട്ടം. അതേസമയം കോഴിക്കോട്ട് എന്തു നടന്നു എന്ന ചോദ്യം ഇടതുപക്ഷവും എൻ.ഡി.എയും ഒരുപോലെ ചോദിക്കുന്നു. എം.പി ഫണ്ട് വിതരണവും കേന്ദ്രപദ്ധതികളുമല്ലാതെ കഴിഞ്ഞ 15 വർഷം കോഴിക്കോട്ടെ എം.പി സ്വന്തം നിലയിൽ എന്തു വികസനം നടത്തിയെന്നാണ് യു.ഡി.എഫ് ഇതരപക്ഷങ്ങളുടെ പ്രധാന ചോദ്യം.

രാഘവേട്ടനും

കരീംക്കയും

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത പ്രചാരണമാണ് കോഴിക്കോട്ട്. എം.കെ. രാഘവനെ രാഘവേട്ടനായി യു.ഡി.എഫ് അവതരിപ്പിക്കുമ്പോൾ എൽ.ഡി.എഫ് രാഷ്ട്രീയമെല്ലാം വിട്ട് സഖാവ് എളമരം കരീമിനെ കരീംക്കയായി കളത്തിലിറക്കുന്നു. മുപ്പതു ശതമാനത്തോളമുണ്ട് മണ്ഡലത്തിലെ മുസ്ലീം വോട്ട്. കഴിഞ്ഞ കാലങ്ങളിൽ രാഘവന്റെ വിജയത്തിൽ നിർണായകമായിരുന്നു ഈ വോട്ടുകളെങ്കിൽ,​ ഇത്തവണ കുറച്ച് കടുപ്പമാണ്. അരിവാൾ സുന്നികളെന്നറിയപ്പെടുന്ന കാന്തപുരം അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകുന്ന എ.പി.വിഭാഗം സുന്നിക്കാണ് മണ്ഡലത്തിൽ മുൻതൂക്കം. അതിൽ ഭൂരിപക്ഷവും തങ്ങൾക്കു വീഴുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

രണ്ടാമത് ഇ.കെ സുന്നികളാണ്. ഏക സിവിൽകോഡും വഖഫും പൗരത്വ ഭേദഗതിയുമൊക്കെ തലയ്ക്കുമേൽ വാളായപ്പോൾ ഇ.കെ.സുന്നികൾക്കും പഴയതുപോലെ പ്രണയം യു.ഡി.എഫിനോടില്ല. പ്രത്യേകിച്ച്,​പാർലമെന്റിലും പുറത്തും വിഷയം വലിയ രീതിയിൽ ഉന്നയിച്ച് നിറുത്തിയ നേതാവെന്ന നിലയിൽ കുറച്ചൊക്കെ വോട്ട് ഇ.കെയിൽ നിന്ന് തങ്ങൾക്കു കിട്ടുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. അടുത്തത് ജമാ അത്തെ ഇസ്ലാമിയും സോളിരാഡിറ്ററിയുമാണ്. അവരുടെ വോട്ടുകൾ പതിവുപോലെ തങ്ങൾക്ക് കിട്ടുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. മുസ്ലീം വോട്ടുകളുടെ ചർച്ച കഴിഞ്ഞാൽ ഇടതിന് പ്രധാനം ഹിന്ദു തിയ്യ വോട്ടുകളാണ്. ഏതാണ്ട് 35 ശതമാനം വരും അത്. ഭൂരിപക്ഷവും ഇടതു ചിന്താഗതിക്കാർ. അതേസമയം,​ ബാലുശേരി അടുക്കമുള്ള മേഖലകളിലെ നായർ വോട്ടുകൾ രാഘവനിൽ പതിയുമെന്നാണ് യു.ഡി.എഫ് കണക്ക്. തിരുവമ്പാടി, താമരശ്ശേരി മേഖലകളിലെ ക്രിസ്ത്യൻ വോട്ടുകളും കുത്തകയാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.


മറികടക്കേണ്ടത്

വൻ ഭൂരിപക്ഷം

2009 വരെ ഇടതുപക്ഷം കുത്തകയാക്കിയിരുന്ന മണ്ഡലമാണ് എം.കെ.രാഘവൻ പിടിച്ചെടുത്തത്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിന്റെ മുന്നണി മാറ്റവും അതിൽ ഒരു ഘടകമായി. ഇന്നത്തെ മന്ത്രി മുഹമ്മദ് റിയാസായിരുന്നു രാഘവന്റെ ആദ്യ എതിരാളി. കണ്ണൂരിൽ നിന്നിറങ്ങിയ രാഘവനെതിരെ സ്വന്തം പാർട്ടിക്കാർ വരെ പാലം വലിച്ചിട്ടും 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. പിന്നീട് രാഘവന്റെ തേരോട്ടമായിരുന്നു. 2014- ൽ എ. വിജയരാഘവനെയും,​ 2019- ൽ എം.എൽ.എ. ആയിരുന്ന എ. പ്രദീപ് കുമാറിനെയും സി.പി.എം നിയോഗിച്ചെങ്കിലും രാഘവനെ തോൽപ്പിക്കാനായില്ല.

രാഹുൽഗാന്ധിയുടെ വയനാടൻ സ്ഥാനാർത്ഥിത്വമുണ്ടാക്കിയ തരംഗമായിരുന്നു കഴിഞ്ഞ തവണ ഭൂരിപക്ഷം കുതിച്ചുയർന്നതിനു പിന്നിലെ പ്രധാനഘടകമെങ്കിൽ ഇക്കുറി ആ തരംഗമില്ല. ട്രേഡ് യൂണിയൻ നേതാവ്, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം പരിചിതനായ എളമരം കരീമിന്റെ ബന്ധങ്ങളും ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ട അടക്കമുള്ള വിഷയങ്ങളിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളും ഇത്തവണ മണ്ഡലം പിടിക്കാൻ തുണയാവുമെന്നാണ് ഇടതു പ്രതീക്ഷ.

എൻ.ഡി.എ വോട്ടും

നിർണായകം

2019- ൽ യുവമോർച്ചാ നേതാവ് കെ.പി. പ്രകാശ്ബാബുവായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. നേടിയത് 1,61,216 വോട്ട്. ബി.ജെ.പിയെ സംബന്ധിച്ച് വലിയ കുതിപ്പ്. ഇത്തവണ പാർട്ടി സംസ്ഥാന നേതാവും നാട്ടുകാരനും നഗരത്തിന് സുപരിചിതനുമായ എം.ടി.രമേശ് മത്സരിക്കുമ്പോൾ വലിയ വോട്ടു വർദ്ധനവ് എൻ.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട്ട ഹിന്ദു വോട്ടുകളാണ് മുന്നണിക്ക് പ്രധാനം. രമേശ് പിടിക്കുന്ന വോട്ടുകളുടെ എണ്ണം ഇടത്- വലത് മുന്നണികളുടെ ജയത്തിൽ പ്രധാന ഘടകമാകും,.

Advertisement
Advertisement