ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപം

Saturday 20 April 2024 12:48 AM IST

സ്വാതന്ത്ര്യ‌ത്തിനു ശേഷം നവീന ഇന്ത്യ കെട്ടിപ്പടുക്കാൻ ഭരണകർത്താക്കൾ ആശ്രയിച്ചത് സോഷ്യലിസം എന്ന സിദ്ധാന്തത്തെയാണ്. സമത്വം എന്ന ആശയത്തിന് ഊന്നൽ നൽകുന്ന സോഷ്യലിസം ഒരു സിദ്ധാന്തമെന്ന നിലയിൽ ആകർഷകമാണെങ്കിലും,​ പ്രയോഗത്തിൽ ദയനീയ പരാജയമാണെന്നാണ് കഴിഞ്ഞ 75 വർഷത്തിനിടയിലെ അനുഭവങ്ങളും വസ്‌തുതകളും സാക്ഷ്യപ്പെടുത്തുന്നത്. ജനങ്ങളുടെ ക്ഷേമം പൊതുമേഖലകളുടെ പ്രവർത്തന മികവിലൂടെ സാദ്ധ്യമാക്കാമെന്നും,​ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുമെന്നുമാണ് ഭരണകർത്താക്കൾ പ്രചരിപ്പിച്ചത്. തൊണ്ണൂറുകൾക്കു ശേഷമാണ് ഇന്ത്യയുടെ വികസനത്തെ ഇത്രയും കാലം പിറകോട്ടടിച്ചത് സോഷ്യലിസ്റ്റ് ഭ്രമവും ലൈസൻസ് രാജുകളും സ്വകാര്യ മേഖലയെ അവഗണിച്ച നടപടിയുമാണെന്ന് ഭൂരിപക്ഷം ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് സോഷ്യലിസം അതേപടിയല്ല ഇന്ത്യ നടപ്പാക്കിയത്. സ്വകാര്യ ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേതുപോലെ സർക്കാർ കൈവശപ്പെടുത്തിയില്ല. എന്നാൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ ഭാഗമായി വൈദ്യുതി വിതരണം, ജല വിതരണം, വിമാന സർവീസുകൾ, ട്രെയിൻ, ബസ് തുടങ്ങിയ പൊതുഗതാഗതം, ഇരുമ്പ് - ഉരുക്ക് ഉത്‌പാദനം, വളം നിർമ്മാണം തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മിക്കവാറും എല്ലാ മേഖലകളും സർക്കാരിന്റെ അധീനതയിലായിരിക്കണമെന്നതായിരുന്നു നമ്മുടെ പഴയ ഭരണകർത്താക്കളുടെ കാഴ്ചപ്പാട്. ഇതനുസരിച്ചു മാത്രമാണ് രാജ്യം പത്തമ്പതു വർഷം മുന്നോട്ടു പോയത്. അതേസമയം,​ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്വകാര്യ മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന മുതലാളിത്ത വ്യവസ്ഥിതിക്ക് പ്രാധാന്യം നൽകിയ ജപ്പാൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റുന്ന പുരോഗതിയാണ് നേടിയത്.

ചൈന തന്നെ പുരോഗതിയിലേക്കു കുതിച്ചത് ഡെംഗ്സിയാവോ പിംഗിന്റെ,​ സ്വകാര്യ വിദേശ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കി പൂർണ പ്രവർത്തന സ്വാതന്ത്ര്യ‌ം നൽകിയ ഭരണപരിഷ്കാര നടപടിയിലൂടെയാണ്. വളരെ വൈകിയാണ് ഇന്ത്യ ഇത്തരം നടപടികളിലേക്ക് കടന്നിരിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ ഇതിന്റെ ഭാഗമായുള്ള വളർച്ച പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശ നിക്ഷേപം ഇന്ത്യയിൽ വരുന്നതിനെ എതിർക്കുന്നവർ കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് ആശയങ്ങൾ ചുമക്കുന്നവർ മാത്രമാണ്. വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നില്ലെങ്കിൽ ഇന്ത്യയിലെ മിടുക്കരായ ചെറുപ്പക്കാരെല്ലാം ജോലി തേടി വിദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കേണ്ടിവരും. നാട്ടിൽ മികച്ച ശമ്പളം പ്രദാനം ചെയ്യുന്ന അവസരങ്ങൾ വർദ്ധിച്ചാൽ ഭൂരിപക്ഷം പേരും എങ്ങോട്ടും പോകില്ല. അതിനുള്ള ഒരു തുടക്കമായി കരുതാവുന്ന നടപടിയാണ് മോദി സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്ന,​ ബഹിരാകാശ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം. സ്പെയിസ് എക്‌സ് കമ്പനി ഉടമ ഇലോൺ മസ്‌ക് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഉപഗ്രഹങ്ങൾ, ഗ്രൗണ്ട് സെഗ്‌മെന്റ് തുടങ്ങിയവയ്ക്കായുള്ള ഘടകങ്ങളുടെയും സംവിധാനങ്ങളുടെയും നിർമ്മാണ മേഖലയിലാണ് 100 ശതമാനം നേരിട്ടുള്ള നിക്ഷേപം അനുവദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗം ഇതിനുള്ള അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ മസ്‌കിന്റെ കമ്പനി മാത്രം 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ തുടങ്ങുന്ന വിദേശ കമ്പനികളിലെ 90 ശതമാനം ജീവനക്കാരും ഇന്ത്യക്കാരായിരിക്കും. ഇതിനു പുറമെ ഉത്പന്നങ്ങളുടെ നികുതി ഇനത്തിലും ഭീമമായ തുക രാജ്യത്തിനു ലഭിക്കും. ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ വിദേശ നാണ്യ വരുമാനവും വർദ്ധിക്കും. ക്രമേണ മറ്റു മേഖലകളിലും വിദേശ നിക്ഷേപത്തിനുള്ള പരിധി ഒഴിവാക്കുന്ന നടപടികളാണ് ഇനി വേണ്ടത്.

Advertisement
Advertisement