സ്നേഹിച്ച് സംരക്ഷിക്കാം ഈ ഭൂമിയെ

Saturday 20 April 2024 12:51 AM IST

എല്ലാ വർഷവും ഏപ്രിൽ 22ന് ലോകഭൗമ ദിനമായാണ് ആചരിക്കുന്നത്. പരിസ്ഥിതിയെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനും സംരക്ഷിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. നമ്മുടെ ഗ്രഹം അതിലോലമായതാണെന്നും അതിനെ നിലനിറുത്താൻ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു. 1970 ഏപ്രിൽ 22നാണ് ആദ്യമായി ഭൗമദിനം അമേരിക്കയിൽ ആചരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സെനറ്റർ ഗെയ്‌ലോർഡ് നെൽസൺ ആണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. ഏദേശം 20 ദശലക്ഷം ആളുകൾ ആദ്യത്തെ ഭൗമദിനത്തിൽ പങ്കെടുത്തു. അതിനുശേഷം, ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ആഘോഷിക്കുന്ന ഒരു ആഗോള പരിപാടിയായി ഭൗമദിനം മാറി.

ഭൂമിയിൽ പച്ചപ്പ് നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓരോ വികസനവും ഭൂമിയെ സംരക്ഷിച്ച് കൊണ്ടാവണം എന്നതുമാണ് ഓരോ ഭൗദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. കടുത്ത വേനലിലാണ് ഇത്തവണ ഭൗമദിനം കടന്നെത്തുന്നത്. മാനവരാശി ഒരേ മനസോടെ പ്രകൃതിയ്ക്ക് മുമ്പിൽ വിനയപ്പെടേണ്ട കാലമാണിന്ന്. മാലിന്യ നിർമ്മാർജ്ജനം മാനവരാശിയെ ബാധിക്കുന്ന വിപത്തായി മാറിയിട്ടുണ്ട്. മലിനീകരണവും ആരോഗ്യവും പരസ്പര ബന്ധിതമായതിനാൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പോയ തലമുറ കാത്തുവെച്ച് നമുക്ക് കൈമാറിയതാണ് ഈ ഭൂമിയും അതിലെ സകല വിഭവങ്ങളും. അത് പാഴാക്കാതെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന വലിയ ഉത്തരവാദിത്വമാണ് ഭൗമദിനം നൽകുന്നത്.
സ്വീഡനിലെ പതിനാറു വയസുള്ള ഗ്രെറ്റ എന്ന പെൺകുട്ടി 2018 ആഗസ്റ്റിലെ സ്വീഡിഷ് തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രതിഷേധത്തിന് തുടക്കമിട്ടത് നാം മറക്കാനിടയില്ല. ലോകത്തിനെ മാറ്റിമറിക്കുന്ന കാലാവസ്ഥാ മാറ്റത്തനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി സ്‌കൂളിൽ പോകില്ലെന്നായിരുന്നു പ്രഖ്യാപനം. ഇത് ഫ്രൈഡേസ് ഡെമൺസ്‌ട്രേഷൻ എന്ന പേരിൽ രാജ്യമാകെ പടർന്നു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾ നമ്മുടെ പരിസര പ്രദേശങ്ങളിലും നടക്കുന്നുണ്ടെങ്കിലും അധികൃതർ പരിസ്ഥിതിയുടെ പ്രധാന്യം വേണ്ടത്ര ഇപ്പോഴും മനസിലാക്കിയിട്ടില്ല.

ഒരു ഹരിത - ഊർജ -ഉത്പാദന - സാമ്പത്തിക ക്രമമാണ് ഇന്ന് ലോകത്തിന് ആവശ്യം. മലിനീകരണം ഭൂമിയെ നശിപ്പിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഇനിയെങ്കിലും ശ്രദ്ധയോടെ ജീവിച്ച് തുടങ്ങേണ്ടതുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്നത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് ഭൂമിയെ സംരക്ഷിക്കുയോ നശിപ്പിക്കുയോ ചെയ്യാം.

ഇനി അല്പം

ശ്രദ്ധിക്കാം

പ്രകൃതി മലിനമാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതിലൊന്നാണ് കംപോസ്റ്റ് കുഴികൾ നിർമ്മിക്കുക എന്നത്. മാലിന്യ നിർമ്മാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. വളക്കൂറുള്ള മണ്ണ് നല്ല ഫലം തരുകയും ചെയ്യും. പച്ചക്കറി മാലിന്യങ്ങൾ മാത്രമല്ല. കാപ്പിക്കുരു, ടീ ബാഗുകൾ, മുട്ടത്തോടുകൾ തുടങ്ങിയവയെല്ലാം കമ്പോസ്റ്റിൽ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം.

മറ്റൊന്നാണ് പ്ലാസ്റ്റിക് കവറുകൾ മുഴുവനായി ഉപേക്ഷിക്കുക എന്നത്. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പായ്ക്കറ്റിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീ സൈക്കിൾ ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുക. ഉപയോഗശേഷം അത് മണ്ണിൽ വലിച്ചെറിയാതിരിക്കുക. വീട്ടിലെ ബൾബുകൾ മാറ്റിയിടുന്നത് വഴി കനത്ത ഊർജ്ജ നഷ്ടം ഒഴിവാക്കാൻ സാധിക്കും. ‌

അനാവശ്യ ലൈറ്റുകൾ ഒഴിവാക്കി കൂടുതൽ വെളിച്ചവും കുറഞ്ഞ വൈദ്യുതി ഉപയോഗവും മതിയാകുന്ന ബൾബുകൾ ഉപയോഗിക്കുക. കംപ്യൂട്ടർ, ടിവി മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം രാത്രികാലങ്ങളിൽ കുറക്കുകയാണെങ്കിൽ ഊർജ്ജം സംരക്ഷിക്കാം. ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ പുനരുപയോഗിക്കുക. പുതിയ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പഴയത് വലിച്ചെറിഞ്ഞ് കളയാതെ ഏതെങ്കിലും റീസൈക്കളിങ് കമ്പനിക്ക് നൽകുക. ഇ - വേസ്റ്റുകൾ പേടിപ്പെടുത്തുന്ന തരത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരമാവാൻ ഈ തീരുമാനം സഹായിക്കും.
ഫ്രിഡ്ജിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പുറകിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. മലിന ജലം കെട്ടിനിൽക്കുന്നത് കോയിലുകൾ കേടാക്കാൻ ഇടയാക്കുകയും ഊർജ്ജത്തിന്റെ ഉപയോഗം 30 ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യും. പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ശേഖരിച്ച് അവ റീസൈക്കിളിംഗ് കേന്ദ്രങ്ങൾക്ക് നൽകുക. പേപ്പർ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പഴയ തുണികൾ എന്നിങ്ങനെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതെല്ലാം വീട്ടിൽ നിന്നും പരിസരത്തു നിന്നും ശേഖരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുക.

ഭൂമിയുടെ അവകാശികളാണ് ഓരോ ജീവജാലങ്ങളും. എല്ലാവർക്കും ജീവിക്കാനുതകുന്ന വിധത്തിൽ മനോഹരമായി ഭൂമിയെ സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാദ്ധ്യതയുണ്ടെന്നും എങ്കിൽ മാത്രമേ നമ്മുടെ കർത്തവ്യം സാക്ഷാത്ക്കരിക്കൂ എന്നുമുള്ള ഉറച്ച ബോദ്ധ്യം ഓരോരുത്തരും ആർജിച്ചെടുക്കണം. വാർത്തെടുക്കാം നല്ല ഭൂമിയെ... മുന്നേറാം ഒറ്റക്കെട്ടായി.

Advertisement
Advertisement