തീരദേശത്തെ ഇളക്കി മറിക്കാൻ ഇന്ന് പ്രിയങ്കയുടെ റോഡ്ഷോ
തിരുവനന്തപുരം: മണ്ഡലത്തിലെ തീരദേശമേഖലകളിൽ പ്രചാരണം കൊഴുപ്പിക്കാൻ ഇന്ന് റോഡ് ഷോയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരിന്റെ മണ്ഡലത്തിൽ വൈകിട്ട് 3.50 മുതൽ 4.50വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നും പ്രിയങ്കയ്ക്കൊപ്പമെത്തുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പരിപാടിയിൽ പങ്കെടുക്കും. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽ നിന്ന് തുടങ്ങുന്ന റോഡ് ഷോ എഫ്.സി.ഐ ഗോഡൗൺ,വലിയതുറ,ചെറിയതുറ,ബീമാപ്പള്ളി, പൂന്തുറ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്ന് പൂന്തുറ പള്ളിക്ക് സമീപം അവസാനിക്കും. അവിടെ അല്പനേരം പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്ത ശേഷമാകും പ്രിയങ്കയുടെ മടക്കം.
ശശി തരൂരിനും പ്രതിപക്ഷനേതാവിനുമൊപ്പം എം.വിൻസെന്റ് എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം വി.എസ്.ശിവകുമാർ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് സേവ്യർ,കെ.പി.സി.സി നേതാക്കൾ തുടങ്ങിയവർ റോഡ്ഷോയിൽ പങ്കെടുക്കും.