സച്ചിനും റീനുവും വീണ്ടും വരുന്നു,​ പ്രേമലുവിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചു

Friday 19 April 2024 9:04 PM IST

മലയാളത്തിൽ ഈ വർഷം റിലീസ് ചെയ്ത് നൂറു കോടി ക്ലബിൽ ഇടം നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന് രണ്ടാംഭാഗം വരുന്നു. കൊച്ചിയിൽ പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാംഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഗിരീഷ് എ.ഡി തന്നെയായിരിക്കും രണ്ടാംഭാഗവും സംവിധാനം ചെയ്യുക. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം 2025ൽ തിയേറ്ററുകളിലെത്തും. രണ്ടാംഭാഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ പറഞ്ഞു.

മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്കു ഭാഷകളിലും രണ്ടാംഭാഗം റിലീസ് ചെയ്യും. പ്രേമലു ടീമിനൊപ്പം മന്ത്രി പി.രാജീവ്,​ ഫഹദ് ഫാസിൽ,​ നസ്രിയ,​ അമൽ നീരദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

നസ്‌ലിൻ,​ മമിത ബൈജു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്തത്. ശ്യാംമോഹൻ,​ അഖില ഭാ‌ർഗവൻ,​ സംഗീത് പ്രതാപ്,​ അൽത്താഫ് സലിം,​ മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങളിലെത്തി. 135.9 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ,​ ശ്യാം പുഷ്കരൻ,​ ഫഹദ് ഫാസിൽ എന്നിവർ ചേർന്നായിരന്നു ചിത്രത്തിന്റെ നിർമ്മാണം. എപ്രിൽ 12ന് ഒ.ടി.ടിയിലും സ്ട്രീമിംഗ് ആരംഭിച്ച പ്രേമലുവിന് തിയേറ്ററിൽ ലഭിച്ച അതേ സ്വീകരണമാണ് ലഭിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.