കാട്ടുപന്നികൾ വിലസുമ്പോഴും വനം വകുപ്പിന് മൗനം

Saturday 20 April 2024 2:07 AM IST

കാട്ടാക്കട: മലയോര മേഖലകളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായിത്തുടരുന്നു. കൂട്ടമായിറങ്ങുന്ന വന്യമൃഗങ്ങളും കാട്ടുപന്നികളും ഗ്രാമീണർക്ക് ഭീഷണിയാവാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് പലപ്പോഴും ഇവയുടെ ആക്രമണങ്ങളിൽപ്പെട്ട് മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ട അവസ്ഥയാണ്. വന്യജീവി ആക്രമണമുണ്ടായാൽ നടപടിയെടുക്കേണ്ട വനംവകുപ്പാകട്ടെ ഇതൊന്നും കണ്ടില്ലെന്നുനടിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കാട്ടുപന്നിയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലായവർ നിരവധിയുണ്ട്.

വെള്ളനാട് നെടുമങ്ങാട് റോഡിലെ കൂവക്കുടി പ്രദേശത്തും രാത്രികാലങ്ങളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഫോട്ടോഗ്രാഫർ രഞ്ജിത്ത്, ഭാര്യ ആര്യ എന്നിവരെ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് തെറിപ്പിച്ചതാണ് അവസാന സംഭവം. ബൈക്കിന്റെ വേഗത വളരെ കുറവായിരുന്നതിനാൽ ഇവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്തുവച്ച് കാട്ടുപന്നി ആക്രമണത്തിൽ പെട്ട വെള്ളനാട് പള്ളിത്തറ സ്വദേശി ഇപ്പോഴും ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുത്തിട്ടില്ല. പ്രധാന റോഡുകളിൽ അപകടത്തിൽപ്പെടുന്ന ഭൂരിപക്ഷം പേരും അന്യനാട്ടുകാരായതിനാൽ വിവരങ്ങളും അധികമാരും അറിയാറില്ല. അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശമായ കൂവക്കുടിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് മാറ്റാത്തതിനാൽ നിരവധി തുരുത്തുകളും പൊന്തക്കാടുകളും രൂപപ്പെട്ടിട്ടിട്ടുണ്ട്. ഇവിടെ ആൾ വാസവുമില്ല. പ്രദേശത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളല്ലാതെ മറ്റ് തെരുവ് വിളക്കുകളും കത്താറില്ല. ഇവയെല്ലാം കാട്ടുപന്നികൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു. ഈ വിവരങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മുൻകരുതലുകളെടുത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനുപകരം ഒരു ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കുന്ന തണുപ്പൻ സമീപനമാണ് അധികൃതരുടേതെന്ന് നാട്ടുകാർ പറയുന്നു.

 അപകടങ്ങൾ തുടർക്കഥ


രണ്ടാഴ്ചയ്ക്ക് മുൻപ് ഉഴമലയ്ക്കൽ പുളിമൂട്ടിൽ നിന്നും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ആര്യനാട് ഇറവൂർ ജയശ്രീ ഹൗസിൽ ജി.എസ്.ഗോകുലിനെ രാത്രിയിൽ റോഡ് മുറിച്ചു വന്ന പന്നിക്കൂട്ടം ഇടിച്ച് തെറിപ്പിച്ചിരുന്നു. കാട്ടുപന്നി ബൈക്കിൽ ഇടിച്ചതോടെ ഗോകുൽ റോഡിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുന്ന ഗോകുലിന്റെ നില ഇപ്പോഴും ഗുരുതരമാണ്. ലക്ഷണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രിയിൽ ചെലവായത്. നിർദ്ധനകുടുംബത്തിലെ യുവാവിന്റെ രക്ഷിതാക്കൾ ഇക്കാര്യം കാണിച്ച് വനംവകുപ്പിന് പരാതി നൽകിയെങ്കിലും ആരും യുവാവിനേയോ ബന്ധുക്കളേയോ കാണാൻപോലും കൂട്ടാക്കിയില്ല. കുളപ്പടയിലും കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് ഇതുപോലെ ഗുരുതര പരിക്കേറ്റിരുന്നു.

Advertisement
Advertisement