പക്ഷിപ്പനി പേടി,​ ജില്ല ജാഗ്രതയിൽ

Saturday 20 April 2024 1:48 AM IST

കുട്ടനാട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധയുണ്ടായ എടത്വാ കൊടുപുന്ന വിളക്കുമരം പാടശേഖരത്തെയും ചെറുതന പ്രയാറ്റേരി പാടത്തെയും താറാവുകളുടെ കൊന്നൊടുക്കൽ (കള്ളിംഗ്)​ പൂ‌ർത്തിയായി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ദ്രുതകർമസേനയുടെ മേൽനോട്ടത്തിലായിരുന്നു 'കൂട്ടക്കുരുതി'. പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ കൊന്നെടുക്കിയ താറാവുകളെ ഇന്ന് കൂട്ടത്തോടെ ദഹിപ്പിക്കും. അതേസമയം,​ ജില്ലയിലൊരിടത്തുനിന്നും പുതുതായി രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വളർത്തുപക്ഷികളുടെ കടത്തൽ തടഞ്ഞുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട് പ്രത്യേക പരിശോധനയ്ക്ക് പൊലീസിന് നിർദേശം നൽകി. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായാണിത്.

കള്ളിംഗ് പൂർത്തിയായി

1. രോഗ ബാധിത പ്രദേശങ്ങളിൽ മുട്ട,​ താറാവ്,​ കോഴി എന്നിവയുടെ ഇറച്ചി വിൽപ്പനയ്ക്കും നിരോധനമുണ്ട്. രോഗബാധയേറ്റ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്

2. രോഗബാധിത പ്രദേശത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവുചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്

ഫീവർ സർവേ

പക്ഷിപ്പനി ബാധിതപ്രദേശത്തിന്റെ മൂന്ന് കിലോമീ​റ്റർ ചു​റ്റളവിൽ ആരോഗ്യ വകുപ്പ് ഫീവർ സർവേ നടത്തും. പനിയുള്ളവരിലെ തൊണ്ടയിലെ സ്രവം പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പാക്കും. ആശാപ്രവർത്തകരടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീ​റ്റർ ചു​റ്റളവിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.

ഐസൊലേഷൻ സെന്റർ

മനുഷ്യരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണിൽ നിന്ന് പനി ലക്ഷണങ്ങളുമായി വരുന്നവർ ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യംപ്രയോജനപ്പെടുത്തണം. ഗുരുതര കേസുകളുണ്ടായാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആംബുലൻസ് സൗകര്യം

പക്ഷികളുമായി ഇടപെട്ടവർക്കോ, നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ, കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാ​റ്റാൻ പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കാം. അടിയന്തര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ നമ്പറിൽ (0477 2251650) ബന്ധപ്പെടാം.

കള്ളിംഗ് നടത്തിയത്

17480 പക്ഷികൾ

Advertisement
Advertisement