മാവേലിക്കരയെ ഇളക്കി മറിച്ച് അരുൺകുമാറും കൊടിക്കുന്നിലും

Saturday 20 April 2024 2:06 AM IST

മാവേലിക്കര: ഇടതു, വലതു മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളിൽ മാവേലിക്കരയിൽ നാടും നഗരവും ഇളകി മറിഞ്ഞു. സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കൊടിക്കുന്നിൽ സുരേഷ്, ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ. അരുൺകുമാർ എന്നിവരുടെ സ്വീകരണപരിപാടികളാണ് നാടിനെ തിരഞ്ഞെടുപ്പ് ആവേശത്തിലാക്കിയത്. മാവേലിക്കര നഗരസഭ, തെക്കേക്കര, പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിലായിരുന്നു സി.എ.അരുൺകുമാറിന്റെ പര്യടനം. പാലമേൽ, വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിലെ 40 ഓളം കേന്ദ്രങ്ങളിലായിരുന്നു കൊടിക്കുന്നിലിന്റെ സ്വീകരണം. ഇന്ന് വള്ളികുന്നം, തെക്കേക്കര, മാവേലിക്കര നഗരസഭ എന്നിവിടങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജുകലാശാലയുടെ സ്വീകരണ പരിപാടികൂടി നടക്കുന്നതോടെ മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തും.

.............................................................................

വൈകി രാവിലെ 8മണിക്ക് ഉമ്പർനാട് നിന്നാരംഭിച്ച പര്യടന പരിപാടി മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാറാണ് ഉദ്ഘാടനം ചെയ്തത്. ഇടതുമുന്നണി പ്രവർത്തകരും തൊഴിലാളി വർഗ ബഹുജന സംഘടനാ ഭാരവാഹികളും നൽകിയ സ്വീകരണങ്ങൾക്ക് നന്ദിരേഖപ്പെടുത്തിയും വോട്ടഭ്യർത്ഥിച്ചുമുള്ള സ്ഥാനാർത്ഥിയുടെ ചെറുപ്രസംഗം അവസാനിച്ചപ്പോഴേക്കും അരുൺകുമാറിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പൈലറ്റ് വാഹനം അടുത്ത സ്വീകരണ സ്ഥലത്തേക്ക് കുതിച്ചുകഴിഞ്ഞു. പൈലറ്റ് വാഹനത്തിലെ അറിയിപ്പിന് പിന്നാലെ വീടുകൾക്ക് മുന്നിലും പാതയോരങ്ങളിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ കാണാനായെത്തിക്കഴിഞ്ഞു. പൈലറ്റ് വാഹനത്തെ അനുഗമിച്ചുള്ള അലങ്കരിച്ച വാഹനങ്ങൾക്ക് പിന്നാലെ തുറന്ന ചുവന്ന ജീപ്പിൽ നീല ഷർട്ടിന് മീതെ രക്തഹാരമണിഞ്ഞ് കൈകൂപ്പിയും കൈകളുയർത്തി അഭിവാദ്യം ചെയ്തും സ്ഥാനാർത്ഥിയുടെവരവ്. വാഹനത്തെ തൊട്ടുരുമ്മി ഇരുചക്രവാഹനങ്ങളിൽ ചൊങ്കോടി വീശിയും മുദ്രാവാക്യം മുഴക്കിയും ആർപ്പുവിളിച്ചും പ്രവർത്തകരുടെ പ്രകടനം. അച്ചൻകോവിലാറിന്റെ തീരത്തുള്ള കുരുവിക്കാടെന്ന കൊച്ചുഗ്രാമത്തിലേക്കാണ് കുതിച്ചത്.

സ്ഥാനാർത്ഥിയുടെ വരവ് കാത്തിരിക്കുകയായിരുന്നു നാട്ടുകാരും പ്രവർത്തകരും. പടക്കംപൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് അവർ സ്ഥാനാർത്ഥിയെ വരവേറ്റത്.

രക്തഹാരങ്ങളും പൂച്ചെണ്ടുകളും സമ്മാനിച്ചാണ് അരുൺകുമാറിനെ കുരുവിക്കാട്ടുകാർ യാത്രയാക്കിയത്. തഴക്കര മൂന്നാം വാർഡിലെ ദേവി മഹാദേവ ക്ഷേത്രപരിസരത്തെ സ്വീകരണ പരിപാടികൾ ആരംഭിച്ചപ്പോഴേക്കും ചൂടിന് കാഠിന്യമേറി. ഇടപ്പോൺ പവർ സ്റ്റേഷൻ വഴി പാലമേൽ ഭാഗത്തെത്തിയ സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹം പുലിമേൽ മാപ്പിളവീട്, കിടങ്ങയം, നെടുകുളഞ്ഞി അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണപരിപാടികൾക്ക് ശേഷം മൂന്നുമണിയോടെ പ്രവർത്തകന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. അരമണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ച് വീട്ടുകാരോടും നാട്ടുകാരോടും സ്നേഹാന്വേഷണങ്ങളും വോട്ടഭ്യർത്ഥനയും നടത്തിയശേഷം വീണ്ടും സ്ഥാനാർത്ഥിയും കൂട്ടരും വീണ്ടും പര്യടനവാഹനങ്ങളിലേക്ക്. രാത്രി 8 മണിയോടെ വാത്തിക്കുളം ബേക്കറിജംഗ്ഷനിലാണ് സ്വീകരണ പരിപാടി സമാപിച്ചത്. സമാപന സമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.

...........................................................................

സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ മൂന്നാംഘട്ട പര്യടനത്തിന് മാവേലിക്കരയിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. പാലമേൽ പഞ്ചായത്തിലെ റിഫായി പള്ളി ജംഗ്ഷനിൽ നിന്നായിരുന്നു സ്വീകരണ പരിപാടിയുടെ തുടക്കം. കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോൺഗ്രസ് പ്രവർ‌ത്തകരും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. ഖദർഷാളുകളും ത്രിവർണ ഹാരങ്ങളും പൂമാലകളും പൂച്ചെണ്ടുകളുമായി സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് കൊടിക്കുന്നിലിനെ സ്വീകരിച്ചത്.

രാവിലെ 8.30ന് ആരംഭിച്ച സ്വീകരണ പരിപാടി കണ്ണങ്കര, കുടശനാട്, ആദിക്കാട്ടുകുളങ്ങര, ഉളവക്കാട് മുതുക്കാട്ടുകര വഴി നൂറനാട്ടെ ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയപ്പോഴേക്കും പാലമേൽ പഞ്ചായത്തിലെ ഉച്ചവരെയുള്ള പര്യടനം പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷംതാമരക്കുളം , വള്ളികുന്നം പഞ്ചായത്തുകളിലായിരുന്നു പര്യടനം. താമരക്കുളത്തെ പുത്തൻകുളം ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി പച്ചക്കാട്, വിളയിൽ മുക്ക് , കളത്തട്ട് വഴിചത്തിയറയിൽ സമാപിച്ചു. പള്ളിമുക്കിൽ നിന്നാണ് വള്ളികുന്നം പഞ്ചായത്തിലെ മൂന്നാംഘട്ട സ്വീകരണ പരിപാടി ആരംഭിച്ചത്. പടയണിവട്ടം, മഠത്തിലയ്യത്ത്, ബംഗ്ളാവിൽ ജംഗ്ഷൻ ,ചൂനാട് ,വാളാച്ചാൽ , കാഞ്ഞിപ്പുഴ, കാമ്പിശേരി വഴി വള്ളികുന്നത്തെ വലംവച്ച് കാഞ്ഞിരത്തുംമൂട്ടിലായിരുന്നു സമാപനം. സ്ഥാനാർ‌ത്ഥിയ്ക്കൊപ്പം നൂറ് കണക്കിന് പ്രവർത്തകർ മണ്ഡല പര്യടനത്തിലും സ്വീകരണ പരിപാടികളിലും സംബന്ധിച്ചു. നേതാക്കളായ കെ.ആർ.മുരളീധരൻ,രാജൻ പൈനുംമൂട്ടിൽ,എം.ആർ. രാമചന്ദ്രൻ,ഷാജിനൂറനാട്,അമത്യേശരൻ,അൻസാരി,വി.ടി.എച്ച്.റഹിം,എം.ദിലീപ് ഖാൻ. വേണു കാവേരി, സജീവ് പൈനുംമൂട്,പി.ബി.അബു, റഫിക്ക് രിഫായി, വന്ദന സുരേഷ്,ജബാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement