വിതുരയിൽ മാൻകൊമ്പും എയർഗണും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

Saturday 20 April 2024 1:14 AM IST

വിതുര: വിതുരയിൽ മാൻകൊമ്പും മാരകായുധങ്ങളും എയർഗണുമായി യുവാവിനെ പൊലീസ് പിടികൂടി. റൂറൽ എസ്.പി കിരൺ നാരായണന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിൽ ഡാൻസഫ് ടീം നടത്തിയ അന്വേഷണത്തിലാണ് വിതുര കല്ലാർ മേഖലയിലെ സ്ഥിരം കുറ്റവാളിയായ ആനപ്പാറ ചിറ്റാർ നാസ്കോട്ടേജിൽ ചിറ്റാർ ഷെഫീഖ് എന്ന എൻ.ഷെഫീക്കിനെ (35) അറസ്റ്റുചെയ്‌തത്.


ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം,മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ വിതുരയിൽ കാർ അടിച്ചുതകർത്ത കേസിലും വീട്ടിൽ ബോംബെറിഞ്ഞ കേസിലും ജയിലിൽക്കിടന്ന ഷഫീഖ് രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്.


എതിരാളികളെ വകവരുത്തുന്നതിനായി ഷെഫീഖിന്റെ വീട്ടിൽ ആയുധനിർമ്മാണം നടക്കുന്നതായി റൂറൽ എസ്.പിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം കുറച്ചുദിവസങ്ങളായി വീടും പരിസരവും നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് വലിയമല ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഷെഫീഖിന്റെ വീട് വളഞ്ഞ് നടത്തിയ റെയ്‌ഡിൽ ഇരുനില വീടിന്റെ മുകളിലെ നിലയിലെ ഒരു മുറി ആയുധനിർമ്മാണത്തിനായി ഉപയോഗിച്ചതായി കണ്ടെത്തി. ഇവിടെനിന്ന് പടക്കങ്ങൾ,​വെടിമരുന്ന്,​മാൻകൊമ്പ്,മാരകായുധങ്ങൾ,എയർഗൺ,നഞ്ചക്ക് എന്നിവ പിടിച്ചെടുത്തു. പടക്കങ്ങളും ആയുധങ്ങളും ഷെഫീക് തന്നെയാണ് നിർമ്മിച്ചിരുന്നത്. ഇവ നിർമ്മിക്കാനുള്ള കട്ടറുകളും ഗ്രയിന്റിംഗ് മെഷീൻ എന്നിവയും മുറിയിൽ സൂക്ഷിച്ചിരുന്നു.
ഷഫീഖിനെ കോടതിയിൽ ഹാജരാക്കി. പിന്നീട് മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് രജിസ്റ്റർചെയ്‌ത കേസിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി മാൻകൊമ്പിന്റെ ഉറവിടം കണ്ടെത്തി. ഇതിന് മുമ്പും ഷെഫീഖ് മൃഗങ്ങളെ വേട്ടയാടിയിരുന്നതായി പരാതിയുണ്ട്.
വലിയമല ഇൻസ്‌പെക്ടർ ശിവകുമാർ,ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ഷിബു,എസ്.സി.പി.ഒമാരായ സതികുമാർ,അനൂബ്,ഉമേഷ്‌ബാബു, വിതുര പൊലീസ് സ്റ്റേഷൻ സതികുമാർ,എസ്.സി.പി.ഒ ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement