ഏഴുവയസുകാരനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ

Saturday 20 April 2024 1:21 AM IST

തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് അറസ്റ്റ്. വധശ്രമം,മാരകായുധം കൊണ്ട് മുറിവേല്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശിശു ക്ഷേമസമിതിയിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തി. കുട്ടി ഇപ്പോൾ പൂജപ്പുര ഗവ.ചിൽഡ്രൻസ് ഹോമിലാണ്. രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ നോക്കിനിന്നതായി കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് അഞ്ജനയെ വിശദമായ ചോദ്യംചെയ്‌ത ശേഷമാണ് രണ്ടാം പ്രതിയായി ചേർത്ത് ഫോർട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ടാനച്ഛൻ അനുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തിരുന്നു. ഒന്നാം പ്രതിയായ ഇയാൾ റിമാൻഡിലാണ്. പോക്സോ വകുപ്പുകൾക്ക് പുറമെ വധശ്രമം,മാരകായുധം കൊണ്ട് പരിക്കേല്പിക്കൽ എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അനു ഒരു വർഷമായി കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് ഫോർട്ട് എസ്.എച്ച്.ഒ എൽ.അനിൽകുമാറിന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ വനിതാപൊലീസ് ഉദ്യോഗസ്ഥർ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് പരിശോധിച്ചിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അനുവിനും അഞ്ജനയ്‌ക്കുമെതിരെ കേസെടുത്തത്.

കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചാൽ ഭർത്താവ് തന്നെയും ഉപദ്രവിക്കുമെന്ന് ഭയന്നാണ് എതിർക്കാതിരുന്നതെന്നാണ് അഞ്ജന പൊലീസിന് നൽകിയ മൊഴി. എന്നാൽ രണ്ടാനച്ഛൻ ഉപദ്രവിക്കുമ്പോൾ അമ്മ കൈയുംകെട്ടി നോക്കിനിൽക്കുകയും അച്ഛന് കൂട്ടുനിൽക്കുകയുമായിരുന്നെന്നും കുട്ടി പറഞ്ഞതാണ് അഞ്ജനയ്‌ക്ക് കുരുക്കായത്.

കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ്

രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിച്ച ഏഴുവയസുകാരനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് ഫോർട്ട് പൊലീസിൽ അപേക്ഷ നൽകി. ഭാര്യയുടെ സ്വഭാവരീതികൾ അംഗീകരിക്കാനാകാതെ വന്നതോടെയാണ് ഉപേക്ഷിച്ചത്. തന്റെ കുട്ടിയെ അഞ്ജനയും അനുവും ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കായതിനാൽ വിട്ടുനൽകേണ്ട അധികാരം കോടതിക്കാണെന്നും ഇതിനായി സി.ഡബ്ലിയു.സിയിലും കോടതിയിലും അപേക്ഷ നൽകാനും പൊലീസ് ഇയാൾക്ക് നിർദ്ദേശം നൽകി.

കുട്ടിയെ വിട്ടുകിട്ടണമെന്ന്

ആവശ്യപ്പെട്ട് ബന്ധുക്കളും

സംഭവം പുറത്തെത്തിക്കുന്നതിന് കാരണക്കാരായ അഞ്ജനയുടെയും അനുവിന്റെയും ബന്ധുക്കളും കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കുട്ടിയെ തങ്ങൾ വളർത്താമെന്ന് അഞ്ജനയുടെ ബന്ധു പൊലീസിനെ അറിയിച്ചു. എന്നാൽ നിയമപ്രകാരം കുട്ടിയെ നൽകാൻ കഴിയില്ലെന്ന് ഇവരോട് പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement