ഭാസിച്ചേട്ടന്റെ വിഷുആശംസകൾ 24 പേർക്ക് ഭാഗ്യകടാക്ഷമായി !

Saturday 20 April 2024 2:15 AM IST

തുറവൂർ : ജീവകാരുണ്യ പ്രവർത്തകനായ ഭാസ്ക്കരൻനായർ എന്ന ഭാസിചേട്ടന്റെ വിഷു ആശംസകളിലൂടെ ഭാഗ്യദേവതയുടെ കടാക്ഷം ഇത്തവണ ലഭിച്ചത് 24പേർക്ക്. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റും സഹകരണ വകുപ്പ് റിട്ട.ജീവനക്കാരനുമായ തുറവൂർ നെടുംപുറത്ത് എൻ.ഭാസ്ക്കരൻനായർ വിഷുആശംസകൾക്കൊപ്പം നൽകിയ ലോട്ടറി ടിക്കറ്റിലൂടെ 12 പേർക്ക് 5000 രൂപയും മറ്റൊരു 12 പേർക്ക് 100 രൂപയും ലഭിച്ചു.

നരസിംഹ സ്വാമി ഭക്തനായ ഭാസ്കരൻ നായർ ദീപാവലി,​ പുതുവത്സരം,​ വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നുകൊണ്ട് ലോട്ടറി ടിക്കറ്റുകൾ നൽകുന്നത് പതിവാണ്. അതിനൊക്കെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും 24 പേരെ ഒറ്റയടിക്ക് ഭാഗ്യം കടാക്ഷിക്കുന്നത് ആദ്യമായിട്ടാണ്.

വിഷുദിനത്തിൽ ദർശനത്തിനുശേഷം മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങി തുടർന്നാണ് പ്രിയപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ആശംസാ കാർഡുകൾ നൽകിയത്.

ക്കൈനീട്ടത്തിനൊപ്പം ആശംസകാർഡും ലോട്ടറി ടിക്കറ്റും ചേർത്ത് എല്ലാവർക്കും നൽകി.

ഭിന്നശേഷിക്കാർ ഉൾപ്പെടെ 72 പേർക്കാണ് ലോകാ സമസ്താ സുഖിനോ ഭവന്തു , മാധവ സേവ മാനവ സേവ എന്ന തലവാചകത്തിലുള്ള ആശംസാകാർഡുകൾ നൽകിയത്. തുകചെറുതെങ്കിലും ഭാഗ്യം കടാക്ഷിച്ച 24 പേരും ഹാപ്പിയാണ്. ഭിന്ന ശേഷിക്കാർ ഉൾപ്പടെയുള്ളവർക്ക് സന്തോഷത്തിന്റെ അല്പനിമിഷം പകരാൻ കഴിഞ്ഞതിൽ ഭാസ്കരൻനായരും

സംതൃപ്‌തനാണ്. ഇതുകൂടാതെ,​ തന്റെ പെൻഷൻ തുകയിൽ നിന്ന് ആയിരം രൂപ വീതം എല്ലാ മാസവും മൂന്നാം തീയതി നിർദ്ധനരായ നിരവധി പേരുടെ വീടുകളിൽ ഭാസ്ക്കരൻ നായർ എത്തിച്ചുവരുന്നുണ്ട്.

ലോട്ടറി ടിക്കറ്റ് വില്പന തൊഴിലാളികൾക്ക് ഒരു കൈത്താങ്ങ്,​ ഭാഗ്യവഴിയിലൂടെ ഒരു യാത്ര,​ ജനക്ഷേമ നിധിയിലേക്ക് ചെറിയൊരു സംഭാവന,​ സർക്കാർ പദ്ധതിയിൽ സഹകരണം എന്നീ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

- ഭാസ്ക്കരൻ നായർ

Advertisement
Advertisement