തമിഴ്നാട്ടിൽ പോളിംഗ് 72.09%

Saturday 20 April 2024 12:25 AM IST

ചെന്നൈ: ഒന്നാംഘട്ടത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ 72.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ 7ന് പോളിംഗ് ആരംഭിച്ചതുമുതൽ ബൂത്തുകളിൽ തിരക്കനുഭവപ്പെട്ടു. വൈകിട്ട് ആറുവരെ അതുതുടർന്നു. അവസാന മണിക്കൂറിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

ധർമ്മപുരിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്തത്. 79 ശതമാനം പേർ ഇവിടെ വോട്ടുചെയ്തു. കുറവ് ചെന്നൈ സൗത്തിലും- 66ശതമാനം.

തമിഴ്നാട് ഗവർണർ ആർ.എൻ.രവി രാവിലെത്തന്നെ ചെന്നൈയിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഭാര്യ ദുർഗയ്ക്കൊപ്പമാണെത്തിയത്. ഡി.എം.കെ നേതാവ് കനിമൊഴി, ബി.ജെ.പി നേതാക്കളായ എൽ.മുരുകൻ, തമിഴിസൈ സൗന്ദരരാജൻ, നാം തമിഴർ പാർട്ടി നേതാവ് സീമാൻ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആർ.നല്ലകണ്ണ് എന്നിവർ ചെന്നൈയിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ കരൂരിലും സമ്മതിദാനം നിർവഹിച്ചു. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.

നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമലഹാസൻ, സംഗീത സംവിധായകൻ ഇളയരാജ, അഭിനേതാക്കളായ രജനികാന്ത്, വിജയ്, സൂര്യ, അജിത്ത്, ധനുഷ്, ശിവകാർത്തികേയൻ, തൃഷ, ഖുശ്ബു, ഭർത്താവ് സുന്ദർ.സി, യോഗിബാബു, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവരാണ് സമ്മതിദാനാവകാശം വിനിയോഗിച്ച പ്രമുഖർ.

സേലത്ത് വോട്ടു ചെയ്യാനെത്തിയ രണ്ടു മുതിർന്ന പൗരന്മാർ മരിച്ച സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണമാരംഭിച്ചു. 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

മൺസൂർ അലിഖാൻ ആശുപത്രിയിൽ

വെല്ലൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി നടൻ മൻസൂർ അലി ഖാനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡലത്തിലെ കുടിയാട്ടത്തുവച്ച് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്നാണിത്.

വിവാദത്തിൽ ഖുശ്ബു

ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവച്ച 'ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കുവേണ്ടി വോട്ട് ചെയ്യൂ" എന്ന പോസ്റ്റ് വിവാദമായി. 'ഇന്ത്യ" മുന്നണിക്കുവേണ്ടി വോട്ടുചെയ്യൂ എന്ന് ചില രാഷ്ട്രീയ നേതാക്കൾ വ്യാഖ്യാനിച്ചതാണ് വിവാദത്തിനു പിന്നിൽ.

ചരിത്ര വിജയം നേടും: അണ്ണാമലൈ

തമിഴ്നാട്ടിൽ ബി.ജെ.പി ചരിത്രവിജയം നേടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. തമിഴ് ജനത മോദിക്കൊപ്പം നിൽക്കും. ബി.ജെ.പിക്കാരുടെ കൈയിൽ നിന്ന് പണം വാങ്ങിയ ഒരു വോട്ടറെ കാണിച്ചാൽ രാഷ്ട്രീയം വിടുമെന്നും അണ്ണാമലൈ വോട്ട് രേഖപ്പെടുത്തിയതിനുശേഷം പ്രതികരിച്ചു. അതേസമയം തമിഴ്നാട്ടിൽ ബി.ജെ.പി മൂന്നാം സ്ഥാനത്താകുമെന്ന് കെ.കനിമൊഴി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement