രാഹുൽ സനാതനധർമ്മത്തെ അപമാനിച്ചു: പ്രധാനമന്ത്രി

Saturday 20 April 2024 12:30 AM IST

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസവും 'ഇന്ത്യ" സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെ രാഹുൽ ​ഗാന്ധി അധിക്ഷേപിച്ചെന്നും വോട്ടിനുവേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു. ഉത്തർപ്രദേശിലെ അമ്രോഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ അവ​ഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്നാണ് രാഹുൽ ​ഗാന്ധി പരിഹസിച്ചത്. 'ഇന്ത്യ" സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ടിനുവേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും കുറ്റപ്പെടുത്തി.

ഞാൻ അയോദ്ധ്യയിൽ പോയാൽ സഹിക്കുമോ: ഖാർഗെ

മോദിയുടെ ഹിന്ദുത്വം പട്ടിജാതി/ വർ​ഗങ്ങൾക്ക് എതിരാണെന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ വിമർശിച്ചു. രാജ്യത്തെ പ്രഥമ വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കും പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനും ക്ഷണിക്കാഞ്ഞത് അവർ ദളിതരായതുകൊണ്ടാണ്. താൻ രാമക്ഷേത്രത്തിൽ പോയാൽ ബി.ജെ.പി സഹിക്കുമോയെന്നും ഖാർ​ഗെ ചോദിച്ചു.

മുൻ സർക്കാരുകൾ പിന്നാക്ക
വിഭാഗങ്ങളെ വഞ്ചിച്ചു

സാമൂഹ്യ നീതിയുടെ പേരിൽ മുൻ സർക്കാരുകൾ എസ്.സി,​ എസ്.ടി,​ ഒ.ബി.സി വിഭാഗങ്ങളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹ്യ പരിഷ്കർത്താക്കളായ ജ്യോതിബ ഫൂലെ,​ ബി.ആർ.അംബേദ്‌കർ,​ ചൗധരി ചരൺസിംഗ് എന്നിവരുടെ സ്വ‌പ്‌നം സാക്ഷാത്‌കരിക്കാൻ ബി.ജെ.പി സർക്കാർ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെയും പരിഹസിച്ചുകൊണ്ട് "ദോ ഷെഹ്സാദേ കി ജോഡി" ( രണ്ട് രാജകുമാരന്മാരുടെ ജോഡി)​ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും പറഞ്ഞു.
ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളിൽ നിന്ന് വോട്ട് തേടാൻ പോകുമ്പോഴെല്ലാം അവർ രാജവംശത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഒരു കൊട്ട ചുമക്കുന്നു.

Advertisement
Advertisement