ഇന്ത്യൻ ക്രൂസ് മിസൈൽ പരീക്ഷണം വിജയം

Saturday 20 April 2024 4:30 AM IST

ഭുവനേശ്വർ: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച എൻജിനുള്ള ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം. വ്യാഴാഴ്‌ച ഒഡീഷ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഇൻഡിജീനസ് ടെക്നോളജി ക്രൂസ് മിസൈലിന്റെ ( ഐ.ടി. സി. എം ) പരീക്ഷണം. ബംഗളുരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച എൻജിന്റെയും (പ്രോപ്പൽഷൻ സാങ്കേതിക വിദ്യ)​ വിജയമാണിത്. ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയുള്ള ( സബ്സോണിക് ) മിസൈലിന് 1000 കിലോമീറ്റർ റേഞ്ചുണ്ടെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

റഷ്യയുടെ സാറ്റേൺ എൻജിനുള്ള നിർഭയ് സബ്സോണിക് ക്രൂസ് മിസൈൽ ഗണത്തിലുള്ളതാണ് പുതിയ മിസൈൽ. റഷ്യൻ എൻജിന് പകരം തദ്ദേശീയ മണിക് ടർബോഫാൻ എൻജിനാണ് ഇതിലുള്ളത്. ബംഗളൂരു ഡി.ആർ.ഡി.ഒ ലബോറട്ടറി എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് മിസൈൽ വികസിപ്പിച്ചത്. കടലിന് മീതേ താഴ്ന്ന് പറന്ന മിസൈൽ കൃത്യമായ പാതയിലൂടെ ലക്ഷ്യത്തിൽ എത്തി. അത്യാധുനിക ഏവിയോണിക്സും സോഫ്റ്റ്‌വെയറുമാണ് മികച്ച പ്രകടനം ഉറപ്പാക്കിയത്. വിവിധ സ്ഥലങ്ങളിൽ വിന്യസിച്ച റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി സെൻസറുകൾ എന്നിവയും വ്യോമസേനയുടെ Su-30-Mk-I വിമാനത്തിൽ നിന്നും മിസൈലിന്റെ പ്രയാണം നിരീക്ഷിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചു. ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസനത്തിന്റെ നാഴികക്കല്ലാണ് തദ്ദേശീയ പ്രൊപ്പൽഷൻ എന്ന് അദ്ദേഹം പറഞ്ഞു.

റോക്കറ്റ് ഫോഴ്സ്

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന, കരയിലും കടലിലും നിന്ന് പ്രയോഗിക്കാവുന്ന 1000 - 1500കിലോമീറ്റർ റേഞ്ചുള്ള ദീർഘദൂര ആക്രമണ മിസൈലിന്റെ മുന്നോടിയാണ് പുതിയ മിസൈൽ. ഇത് മൂന്ന് സേനകളുടെയും ഇന്റഗ്രേറ്റഡ് റോക്കറ്റ് ഫോഴ്സിന്റെ ഭാഗമാകും. പരമ്പരാഗത ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടുന്നതാണ് റോക്കറ്റ് ഫോഴ്സ്. കിഴക്കൻ ലഡാക്കിൽ നാല് വർഷമായി ചൈനയുമായി തുടരുന്ന സൈനിക സംഘർഷത്തിന്റെയും റഷ്യൻ - യുക്രെയിൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യ റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നത്. അതിനാലാണ് തദ്ദേശീയ പ്രൊപ്പൽഷനുള്ള ടർബോഫാൻ എൻജിൻ വികസിപ്പിച്ചതും.

Advertisement
Advertisement