വയനാട് പിടിക്കാൻ നദ്ദ പറന്നിറങ്ങി

Saturday 20 April 2024 12:32 AM IST

സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി ബി.ജെ.പി പ്രവർത്തകർക്ക് ഗണപതിവട്ടമാണ്. വിജയിച്ചാൽ നഗരത്തിന്റെ പേര് മാറ്റുമെന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അലയൊലികളിലേക്കാണ് സുരേന്ദ്രന് വോട്ട് തേടിയുള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഇന്നലെ എത്തിയത്.

നദ്ദയെ കാണാൻ പ്രവർത്തകർ രാവിലെ മുതൽ നഗരത്തെ കാവിക്കടലാക്കി. അതിനിടെ സർവ സന്നാഹവുമൊരുക്കി പൊലീസും സ‌‌‌‌‌ജ്ജരായി. രാവിലെ 11.25ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിനോട് ചേർന്നുള്ള ഹെലിപ്പാടിൽ കോഴിക്കോട് നിന്നുള്ള ഹെലികോപ്ടർ മെല്ലെയടുത്തു. നദ്ദയെ സ്വീകരിക്കാൻ സംസ്ഥാന-ജില്ലാ നേതാക്കൾ ഇവിടെയെത്തിയിരുന്നു.

ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക വാഹനത്തിൽ 11.30ന് ബത്തേരിയിലെ അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് നദ്ദ കയറി. അതിനിടെ കെ. സുരേന്ദ്രന്റെ പത്ത് മിനിറ്റുള്ള ആമുഖ പ്രസംഗം. തുടർന്ന്നദ്ദ പ്രസംഗം തുടങ്ങി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വൻകിട സാമ്പത്തിക രാജ്യമായെന്ന് പറഞ്ഞ നദ്ദ കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും രാഹുൽ ഗാന്ധിയേയും സി.പി.എമ്മിനെയും വിമർശിക്കാനും മറന്നില്ല. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് 27 മിനിട്ടത്തെ പ്രസംഗം അവസാനിപ്പിച്ചത്.

ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും ശിങ്കാരമേളവും നാസിക്ക് ഡോളും നിറഞ്ഞ എൻ.ഡി.എയുടെ ശക്തിപ്രകടനത്തിനിടെ 12.08ന് റോഡ് ഷോ തുടങ്ങി. മോദിയുടേയും കെ. സുരേന്ദ്രന്റെയും പ്ലക്കാർഡുകളുമായി വനിതകളടക്കം നഗരം കീഴടക്കി. പ്രവർത്തകരിലേക്ക് പുഷ്‌പവൃഷ്ടി നടത്തിയാണ് നദ്ദ റോഡ് ഷോ തുടങ്ങിയത്. റോഡിനിരുവശവും കാത്ത് നിന്ന പ്രവർത്തകർ നദ്ദയെ പൂക്കൾ വിതറി സ്വീകരിച്ചു. യാത്ര ബത്തേരിയിലെ ഗണപതി ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ സുരേന്ദ്രനും നദ്ദയും വാഹനത്തിൽ നിന്ന് കൊണ്ട് ഭഗവാനെ തൊഴുതു. 12.48ന് ചുങ്കം ജംഗ്ഷനിൽ റോഡ് ഷോ അവസാനിപ്പിച്ചു. തുടർന്ന് ഉച്ചയ്‌ക്ക് ഒന്നിന് നദ്ദയുടെ ഹെലികോപ്റ്റർ പാലക്കാട്ടേക്ക് പോയി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കൾ റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകി.

 രാഹുൽ വയനാട്ടിലെത്തിയത് ആത്മവിശ്വാസമില്ലാത്തതിനാൽ

അമേഠിയിൽ മത്സരിച്ചാൽ തോൽക്കുമെന്നറിയുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ രാഹുലിന് ആത്മവിശ്വാസമില്ല. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുമായി രാഹുൽ സഖ്യം ചേർന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്. രാജ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിക്കാത്തയാളാണ് അദ്ദേഹം. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കാതിരിക്കാൻ സാധിക്കില്ല. കുടുംബ രാഷ്ട്രീയമാണ് രാഹുൽ നടപ്പിലാക്കുന്നത്. ദില്ലിയിൽ സി.പി.ഐ നേതാവ് ഡി. രാജയുമായി ഒരുമിച്ച് നിന്നാണ് രാഹുൽ പോരാടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ആനിരാജ രാഹുലിനെതിരെ മത്സരിക്കുന്നു. വയനാട്ടിൽ താമര വിരിയുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement