മണിപ്പൂരിൽ ബൂത്ത് പിടുത്തം, വെടിവയ്‌പ്, ബംഗാളിലും അക്രമം

Saturday 20 April 2024 12:36 AM IST

ന്യൂഡൽഹി: വംശീയ കലാപത്തീയിൽ പുകയുന്ന മണിപ്പൂരിൽ സായുധ മെയ്‌തീ ഗ്രൂപ്പായ അറംബായ് ടെങ്കോൾ അംഗങ്ങൾ ഒന്നാം ഘട്ട വോട്ടിംഗിനിടെ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. ബൂത്തുകൾ പിടിച്ചെടുത്തു. വോട്ടിംഗ് യന്ത്രങ്ങൾ നശിപ്പിച്ചു. മണിപ്പൂർ താഴ്‌വരയിൽ ബൂത്തുകൾക്ക് സമീപം രണ്ട് തവണ വെടിവയ്‌പ്പുണ്ടായി. കിഴക്കൻ ഇംഫാലിൽ രണ്ട് ബൂത്തുകളിലും പടിഞ്ഞാറൻ ഇംഫാലിൽ മൂന്ന് ബൂത്തുകളിലും വോട്ടിംഗ് നിർത്തിവച്ചു.

ഇംഫാൽ ഈസ്റ്റിലെ ഖുറായിയിൽ 65കാരന് വെടിയേറ്റു. ഇവിടെ ബൂത്ത് തകർത്ത് രേഖകൾ കത്തിച്ചു. ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപോക്പിയിൽ ബൂത്തിന് സമീപം വെടിയുതിർത്ത് വോട്ടർമാരെ ഭയപ്പെടുത്തി. ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മെയ്തി ഭൂരിപക്ഷ മേഖലകളാണിത്.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ യുറിപോക്കിലും ഇറോയിഷെംബയിലും അക്രമികൾ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തിൽ നിന്ന് ഇറക്കിവിട്ടു.


ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ നിയോജക മണ്ഡലത്തിലെ കിയാംഗെയിൽ ആയുധധാരികൾ വെടിയുതിർത്ത് കോൺഗ്രസ് പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി.


ഇംഫാൽ ഈസ്റ്റിലെ തോങ്‌ജു അസംബ്ലി മണ്ഡലത്തിൽ വൻ തോതിൽ ബൂത്ത് പിടിച്ചെടുത്തു. പ്രതിഷേധിച്ച വോട്ടർമാരുമായി ഏറ്റുമുട്ടലുമുണ്ടായി. വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി തകർത്തു.

കാങ്‌പോക്‌പി ജില്ലയിലെ കുക്കി-സോമി സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തിൽ പോളിംഗ് കുറഞ്ഞു. നാഗാകളും നേപ്പാളികളും താമസിക്കുന്ന പ്രദേശങ്ങളിൽ പോളിംഗ് കൂടി.

കുക്കി മേഖലകളിൽ പോളിംഗ് കുറവായിരുന്നു. കാങ്‌പോക്‌പി ജില്ലയിലെ സൈതു, സൈകുൽ മണ്ഡലങ്ങളിൽ ഉച്ചവരെ യഥാക്രമം 13.22 ശതമാനവും 8.58 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. ഔട്ടർ മണിപ്പൂരിലെ മെയ്തീ മേഖലകളിൽ പോളിംഗ് കൂടി.

മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എൻ. ബിരേൻ സിംഗ് രാവിലെ വോട്ട് രേഖപ്പെടുത്തി.

ബംഗാളിലും അക്രമം

പശ്ചിമ ബംഗാളിൽ കൂച്ച് ബിഹാർ, അലിപുർദുവാർ, ജൽപായ്ഗുരി മണ്ഡലങ്ങളിൽ വ്യാപകമായി അക്രമങ്ങൾ നടന്നു.

ചന്ദമാരിയിൽ തൃണമൂൽ അനുഭാവികളുടെ കല്ലേറിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന് പരിക്കേറ്റു, സിതാൽകുച്ചി, ചോട്ടോസൽബാരി പ്രദേശങ്ങളിൽ ബി.ജെ.പി - തൃണമൂൽ സംഘട്ടനങ്ങൾ നടന്നു.

ദിൻഹതയിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വസതിയിൽ ബോംബുകൾ കണ്ടെടുത്തു. സീതായിലെ തൃണമൂൽ പോളിംഗ് ക്യാമ്പ് ആക്രമിച്ചു. കൂച്ച് ബിഹാറിൽ തൃണമൂൽ പ്രവർത്തകർ ബി.ജെ.പി നേതാവ് ലവ് സർക്കാരിനെ അക്രമിച്ചിരുന്നു.

അക്രമങ്ങൾ വിലയിരുത്താൻ രാജ്ഭവനിൽ ഗവർണർ സി.വി. ആനന്ദബോസ് തയ്യാറാക്കിയ ‘സമാധാന മുറി’യിൽ രാവിലെ മുതൽ ഭീഷണിയുടെയും അക്രമത്തിന്റെയും റിപ്പോർട്ടുകൾ പ്രവഹിച്ചെന്നും അവ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ഗവർണറുടെ ഒാഫീസ് അറിയിച്ചു.കൂച്ച് ബിഹാറിൽ

112 കമ്പനി കേന്ദ്ര സായുധ സേനയെയും 4,500 പൊലീസ് സേനയെയും വിന്യസിച്ചിരുന്നു.

Advertisement
Advertisement