നോർത്ത് ഗോവയിൽ യെശോയെ വീഴ്‌ത്താൻ ഖലാപ്

Saturday 20 April 2024 12:38 AM IST

ന്യൂഡൽഹി: അവധിക്കാലം ആഘോഷിക്കാൻ രാജ്യമെമ്പാടും നിന്ന് വിനോദ സഞ്ചാരികൾ ഒഴുകുന്നതിനിടെയാണ് ഗോവ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നോർത്ത് ഗോവ ലോക്‌സഭാ മണ്ഡലത്തിൽ 1999 മുതലുള്ള ആധിപത്യം തുടരാൻ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ ശ്രീപദ് യെശോ നായിക് വീണ്ടുമിറങ്ങുന്നു. പഴയ ശക്തികേന്ദ്രമായ ഗോവയിൽ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് മുൻ കേന്ദ്രമന്ത്രി രാമാകാന്ത് ഖലാപിനെ മത്സരിപ്പിക്കുന്നു. ഗോവയിൽ സ്വാധീനമുള്ള ആംആദ്‌മി പാർട്ടി, എൻ.സി.പി, ഇടതു പാർട്ടികൾ 'ഇന്ത്യ' മുന്നണിക്കു കീഴിൽ അണിനിരക്കുന്നത് ഖലാപിന് അനുകൂല ഘടകമാണ്.

2019ൽ വടക്കൻ ഗോവയിൽ യെശോയിലൂടെ ബി.ജെ.പി ആധിപത്യം തുടർന്നപ്പോൾ സംസ്ഥാനത്തെ രണ്ടാം മണ്ഡലമായ സൗത്ത് ഗോവയിൽ കോൺഗ്രസിന്റെ കോസ‌്‌മെ ഫ്രാൻസിസ്കോ കെയ്റ്റാനോ സർദിനയാണ് വിജയിച്ചത്.

നോർത്ത് ഗോവ മണ്ഡലത്തിൽ തലസ്ഥാനമായ പനാജി അടക്കം 20 അസംബ്ളി മണ്ഡലങ്ങളുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിലും ജയിച്ച ബി.ജെ.പി ശക്തി തെളിയിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം 24 വർഷമായി ബി.ജെ.പിയുടെ ഭരണത്തിലാണ്.

നോർത്ത് ഗോവ 1971 മുതൽ 2004വരെ തലസ്ഥാനമായ പനാജിയുടെ പേരിലാണ് അറിയപ്പെട്ടത്. നോർത്ത് ഗോവയായത് 2009ൽ. കോൺഗ്രസും മഹാരാഷ്‌ട്ര ഗോമന്തക് പാർട്ടിയും മാറി മാറി ജയിച്ച പനാജിയിൽ 1999ലാണ് യെശോ നായിക്കിലൂടെ ആദ്യമായി ബി.ജെ.പി വിജയപീഠം കയറിയത്. പിന്നെ യെശോയ്‌ക്കും ബി.ജെ.പിക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗോവയുടെ പ്രതിനിധിയായി യെശോയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സർക്കാരുകളിലും മന്ത്രിസ്ഥാനവും നൽകി. നിലവിൽ ടൂറിസം, ഷിപ്പിംഗ് വകുപ്പുകളുടെ സഹമന്ത്രിയാണ്.

1996-1998ൽ നോർത്ത് ഗോവയിൽ നിന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) ടിക്കറ്റിൽ എംപിയായ നേതാവാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഖലാപ്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിയമ സഹമന്ത്രിയായിരുന്നു. പിന്നീട് എം.ജി.പി വിട്ട് കോൺഗ്രസിൽ ചേർന്നു.


മുതിർന്ന രണ്ട് നേതാക്കൾ നേരിട്ട് ഏറ്റുമുട്ടുന്ന ഗോവയിൽ 2019ൽ നിന്ന് വ്യത്യസ്‌തമായി ബി.ജെ.പിക്കെതിരെ 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി നിൽക്കുന്നത് പോരാട്ടത്തിന് വീറ് കൂട്ടിയിട്ടുണ്ട്. അഭിപ്രായ സർവേകളും ഇഞ്ചോടിഞ്ച‌് പോരാട്ടം പ്രവചിക്കുന്നു.

മേയ് ഏഴിന് മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

2019ലെ ഫലം:

ശ്രീപദ് യെശോ നായിക്(ബി.ജെ.പി): 2,44,844(57.12%)

ഗിരീഷ് ചോദാങ്കർ(കോൺഗ്രസ്): 1,64,597(38.40%)

നോട്ട: 7,063

ദത്താത്രേയ പദോങ്കർ(ആംആദ്‌മി പാർട്ടി): 4,756

Advertisement
Advertisement