രാഹുൽ ഗാന്ധിയുടേത് കപട രാഷ്ട്രീയം: അബ്ദുള്ളക്കുട്ടി

Saturday 20 April 2024 12:07 AM IST
അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഡൽഹിയിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെ എതിർക്കുകയും കേരളത്തിൽ വന്ന് പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പും കപട രാഷട്രീയത്തിന്റെ ഭാഗവുമാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദവും അഴിമതിയും തുടച്ചുനീക്കാൻ സാക്ഷാൽ ദൈവം അയച്ചു തന്ന വ്യക്തിയാണ് മോദി. അഴിമതിയുടെ കാര്യത്തിൽ ഉപ്പുതിന്നവരെല്ലാം വെളളം കുടിക്കും. മാസപ്പടിക്കേസിൽ പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എക്ക് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. എൻ.ഡി.എ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അക്കൗണ്ട് തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നുവെങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലമായിരുന്നു. ഭരണഘടനയുടെ ശത്രുക്കളാണ് ബി.ജെ.പി എന്ന പ്രചാരണത്തിന് യാതൊരു യുക്തിയുമില്ല. സി.എ.എയുടെ കാര്യത്തിൽ പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 5550 പേർക്ക് ഇന്ത്യയിൽ പൗരത്വം നൽകി. ഇതിൽ മുസ്ലീം സമുദായത്തിലുള്ളവരുമുണ്ട്. ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് വളരെ കൃത്യമായ കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരൻ പാർലമെന്ററി രംഗത്ത് പരാജയപ്പെട്ട നേതാവാണ്. വികസന വിരുദ്ധതയാണ് കൈമുതൽ. കണ്ണൂരിൽ പ്രായം ചെന്നവരുടെ വീട്ടിൽ ചെന്ന് വോട്ട് ചെയ്യുന്ന സംവിധാനം അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ് , പത്രപ്രവർത്തക യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഗണേഷ്‌മോഹൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement