ആദ്യഘട്ട പോളിംഗ് , മണിപ്പൂരിലും ബംഗാളിലും അക്രമം, 60% പോളിംഗ്

Saturday 20 April 2024 4:51 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിംഗിനിടെ മണിപ്പൂരിലും പശ്‌ചിമ ബംഗാളിലും വ്യാപകമായി അക്രമം അരങ്ങേറി. ബംഗാളിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തി (77.57%). കുറഞ്ഞ പോളിംഗ് ബിഹാൽ (46.32%). 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ പോളിംഗ് ശരാശരി 60%.

സീറ്റുകളും പോളിംഗും

തമിഴ്‌നാട്- 39 (62.08%), രാജസ്ഥാൻ-12 (50.27%), ഉത്തർപ്രദേശ്-8 (57.54%), മദ്ധ്യപ്രദേശ്-6 (63.25%), ഉത്തരാഖണ്ഡ്-5 (53.56%), അസം-5 (70.77%), മഹാരാഷ്ട്ര-5 (54.85%) ബിഹാർ-4 (46.32), പശ്ചിമ ബംഗാൾ-3 (77.57), അരുണാചൽ-2 (64.07%), മണിപ്പൂർ-2 (67%), മേഘാലയ-2 (69.91), ഛത്തീസ്ഗഡ്-1(63.41%), മിസോറാം-1(53.96%), നാഗാലാൻഡ്-1(56.18%), സിക്കിം-1(68.06%), ത്രിപുര-1(76.10%), ജമ്മു കാശ്‌മീർ-1(65.08), ലക്ഷദ്വീപ്-1(59.02%), പുതുച്ചേരി-1(72.84%), ആൻഡമാൻ നിക്കോബാർ-1(56.87%)

നിയമസഭാ വോട്ടിംഗ്:

അരുണാചൽ പ്രദേശ്:64%

സിക്കിം:68%

ഛത്തീസ്ഗഡിൽ ബസ്‌തർ മണ്ഡലത്തിലെ ചിഖ ബൂത്തിൽ

മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡർ ദേവേന്ദ്ര കുമാർ (32) കൊല്ലപ്പെട്ടു.

മണിപ്പൂരിൽ തീവ്ര സായുധ മെയ്തീ ഗ്രൂപ്പായ അറംബായ് ടെങ്കോൾ ആണ് അക്രമം അഴിച്ചുവിട്ടത്. കിഴക്കൻ ഇംഫാലിൽ രണ്ട് ബൂത്തുകളിലും പടിഞ്ഞാറൻ ഇംഫാലിൽ മൂന്ന് ബൂത്തിലും വോട്ടിംഗ് നിർത്തി. ബൂത്ത് പിടിച്ചെടുക്കലും വോട്ടിംഗ് യന്ത്രങ്ങൾ നശിപ്പിക്കലും വ്യാപകം.

ഇംഫാൽ ഈസ്റ്റിലെ മെയ്തീ മേഖലയായ ബിഷ്‌ണുപൂർ ജില്ലയിൽ വ്യാപക അക്രമങ്ങളുണ്ടായി. ഖുറായിയിൽ ഒരാൾക്ക് വെടിയേറ്റു. തമ്‌നപോക്പിയിൽ സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അക്രമികൾ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. ചിലയിടത്ത് വോട്ടർമാർ പ്രതിരോധിച്ചത് സംഘർഷമുണ്ടാക്കി. തോങ്‌ജു അസംബ്ലി മണ്ഡലത്തിൽ വൻ തോതിൽ ബൂത്ത് പിടിച്ചെടുത്തു. കാങ്‌പോക്‌പി ജില്ലയിൽ കുക്കി-സോമി സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനം മൂലം പോളിംഗ് കുറഞ്ഞു.കുക്കി മേഖലകളിൽ പോളിംഗ് കുറഞ്ഞപ്പോൾ മെയ്തീ മേഖലകളിൽ ഉയർന്നു.

ബംഗാളിൽ വോട്ടെടുപ്പ് നടന്ന കൂച്ച് ബിഹാർ, അലിപുർദുവാർ, ജൽപായ്ഗുരി മണ്ഡലങ്ങളിൽ വ്യാപകമായി അക്രമങ്ങൾ നടന്നു. തൃണമൂൽ ,​ ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. നേതാക്കൾക്ക് പരിക്കേറ്റു.

ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടറി രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ ആഹ്വാന പ്രകാരം കിഴക്കൻ ജില്ലകളിൽ വോട്ടർമാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 60 അസംബ്ലി സീറ്റുകളിൽ ഇരുപതിലും ഉച്ചവരെ ആരും വോട്ടു ചെയ്‌തില്ല.

 അസമിലെ ലഖിംപൂർ മണ്ഡലത്തിൽ തകരാറിലായ വോട്ടിംഗ് യന്ത്രത്തിന് പകരമുള്ളവയുമായി വന്ന കാർ നദിയിൽ മുങ്ങി. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.

ബംഗാളിലെ മാതഭംഗയിൽ ബൂത്തിലെ ശുചിമുറിയിൽ സി.ആർ.പി.എഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ പരിക്കുകളുണ്ട്.

Advertisement
Advertisement