സി.പി.ഐ സ്ഥാനാർത്ഥികൾക്ക് എതിരെ കർഷക സംഘടനകൾ

Saturday 20 April 2024 1:20 AM IST

തൊടുപുഴ: ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥികൾക്കെതിരെ നിലപാടെടുക്കുമെന്ന് വിവിധ കർഷക സംഘടനകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിജീവന പോരാട്ടവേദി,​ കർഷക ഉച്ചകോടി,​ സേവ് വെസ്റ്റേൺ പീപ്പിൾസ് ഫൗണ്ടേഷൻ,​ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ,​ രാഷ്ട്രീയ കിസാൻ മഹാസംഘ്,​ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്,​ പീഡിത അവകാശ സംരക്ഷണ സമിതി,​ മലനാട് കർഷക രക്ഷാസമിതി,​ വിഫാം എന്നീ സംഘടനകളാണ് രംഗത്തുള്ളത്

. സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തൃശൂർ,​ വയനാട്,​ മാവേലിക്കരയിലെ എടത്വ എന്നിവിടങ്ങളിൽ കർഷക സംഘടനകളുടെ ഉച്ചകോടി സംഘടിപ്പിച്ചു. നാലാമത്തെ ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഭൂപതിവ് നിയമഭേദഗതി സംബന്ധിച്ച് പരസ്യ സംവാദത്തിന് തയ്യാറാണെന്ന റവന്യൂമന്ത്രി കെ. രാജന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. 23ന് തിരുവനന്തപുരം പ്രസ്ക്ലബിൽ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ നടക്കുന്ന കർഷക ഉച്ചകോടിയിൽ പരസ്യ സംവാദത്തിന് മന്ത്രിയെ ക്ഷണിക്കുന്നു. 2017 മുതൽ 2022 വരെ ഭൂപതിവ് നിയമത്തിൽ ഭൂമി ലഭിച്ച കർഷകരുടെ ഭൂമിയുടെ മേലുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ചട്ടഭേദഗതി മതിയെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ നിലപാട്. ഒരു ദിവസം കൊണ്ട് റവന്യൂ സെക്രട്ടറിക്ക് ലളിതമായി ചെയ്യാവുന്ന പ്രക്രിയയായിരുന്നു. ഇതാണ് ലക്ഷക്കണക്കിന് കർഷകരിൽ നിന്ന് അന്യായമായി പണം ഈടാക്കാനുള്ള പദ്ധതിയാക്കാൻ,​ ഭൂപതിവ് നിയമഭേദഗതി വേണമെന്ന ജനവിരുദ്ധ നിലപാടിലേക്ക് ഇടതുസർക്കാർ നീങ്ങിയതെന്ന് കർഷക സംഘടനാ നേതാക്കളായ ഡിജോ കാപ്പൻ,​ റസാഖ് ചൂരവേലി,​ സുജി മാസ്റ്റർ,​ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു..

Advertisement
Advertisement