ഇന്ന് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പൂർത്തിയാകും

Saturday 20 April 2024 1:25 AM IST

തിരുവനന്തപുരം:അടുത്ത വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് ഇന്ന്പൂർത്തിയാകും. ക്രമനമ്പർ,സ്ഥാനാർഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പർ വോട്ടിംഗ് മെഷീനിലും ക്രമനമ്പർ,പേര്,ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും ക്രമീകരിക്കുന്ന പ്രക്രിയയാണ് കമ്മിഷനിംഗ്.

മുന്നോടിയായി ബാലറ്റിൽ സ്ഥാനാർത്ഥികളുടെ പേര് ചേർക്കും.അംഗീകൃത രാഷ്ട്രീയപാർട്ടികൾ,സ്വതന്ത്രർ ഉൾപ്പെടെ മറ്റ് സ്ഥാനാർത്ഥികൾ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണിത്. മലയാളം അക്ഷരമാല ക്രമത്തിലായിരിക്കും. ഉദാഹരണത്തിന് ആറ്റിങ്ങൽ മണ്ഡലത്തിലെ ബി.ജെ.പി,കോൺഗ്രസ്,സി.പി.എം സ്ഥാനാർത്ഥികളെ അവരുടെ പേരിന്റെ അക്ഷരമാല ക്രമത്തിൽ ആദ്യഗ്രൂപ്പിൽ ഉൾപ്പെടുത്തി ഒന്നു മുതൽ ക്രമീകരിക്കും. സ്വതന്ത്രർ ഉൾപ്പെടെ മറ്റ് നാല് സ്ഥാനാർത്ഥികളെ അതിനുശേഷവും ക്രമീകരിക്കും.അവസാനം നൺ ഓഫ് ദ എബൗ എന്ന നോട്ട.സമാനപേരുണ്ടെങ്കിൽ പിതാവിന്റെ പേരും ചേർക്കും. പാർട്ടിസ്ഥാനാർത്ഥികൾക്ക് ഇത് ബാധകമല്ല.

140 കേന്ദ്രങ്ങളിലാണ് കമ്മിഷനിംഗ് നടക്കുന്നത്. വോട്ടിംഗ് മെഷീൻ നിർമ്മിച്ച ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എൻജിനീയർ, ഇലക്ഷൻ കമ്മിഷന്റെ നിരീക്ഷകർ,സ്ഥാനാർത്ഥി അല്ലെങ്കിൽ ഏജന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തിൽ കമ്മിഷനിംഗ് നടക്കുന്നത്.

ബാലറ്റ് സെറ്റ് ചെയ്തശേഷം ഓരോ ഇ.വി.എമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തും. തുടർന്ന് സീൽ ചെയ്ത് സ്ട്രോംഗ് റൂമിലേക്ക് മാറ്റും. 25,231ബൂത്തുകളിലേക്കാണ് വോട്ടിംഗ് യന്ത്രം കൊണ്ടുപോകുക.

 വിവിപാറ്റ്

ഒരു വോട്ട് രേഖപ്പെടുത്തുമ്പോൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ബാലറ്റ് യൂണിറ്റിൽ ഘടിപ്പിച്ചിരിക്കുന്ന വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പി.എ.ടി) മെഷീൻ ചെയ്ത വോട്ട് സൂചിപ്പിച്ചിരിക്കുന്ന ഒരു സ്ലിപ്പ് പ്രിന്റ് ചെയ്യുന്നു. ഇത് ഏഴ് സെക്കൻഡ് നേരത്തേക്ക് ദൃശ്യമാകും. വോട്ട് ശരിയായോ എന്നറിയാമെന്നതാണ് നേട്ടം.

 അന്ധർക്ക് ബ്രെയ്ലി ബാലറ്റ്

അന്ധർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബ്രെയ്ലി ബാലറ്റും തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. ലോ കോളേജ് ജങ്ഷനിലെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ പ്രസിലാണ് ബാലറ്റ് അച്ചടിക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥികളുടെ പേരും ക്രമനമ്പരും അടയാളപ്പെടുത്തിയ അതേ മാതൃകയിലാണ് ബാലറ്റ് തയ്യാറാക്കിയിട്ടുള്ളത്. ലോക്സഭാമണ്ഡലം, തിരഞ്ഞെടുപ്പ് തീയതി, സ്ഥാനാർഥികൾ, ക്രമനമ്പർ, രാഷ്ട്രീയപ്പാർട്ടികൾ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും ബാലറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement