ആറ്റിങ്ങലിലെ ഇരട്ടവോട്ടുപട്ടിക  സ്ഥാനാർത്ഥികൾക്ക്  കൈമാറും, ഹൈക്കോടതിയിൽ തിര.കമ്മിഷന്റെ ഉറപ്പ്

Saturday 20 April 2024 1:40 AM IST

കൊച്ചി: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ടവോട്ടുകളുടെ പട്ടിക തയ്യാറാക്കി വോട്ടെടുപ്പിനുമുമ്പ് സ്ഥാനാർത്ഥികൾക്ക് കൈമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഈ പട്ടികയിൽപ്പെട്ടവർ വോട്ടുചെയ്യാനെത്തിയാൽ ആധികാരികത ഉറപ്പാക്കാൻ ഇവരുടെ ഐ.ഡി നമ്പർ കമ്മിഷന്റെ മൊബൈൽആപ്പിൽ സൂക്ഷിക്കും. സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങി പ്രത്യേകം ഫോട്ടോയും എടുത്തശേഷമേ വോട്ടുചെയ്ത് ബൂത്ത് വിടാനാകൂ. സംശയമുന്നയിച്ചിട്ടും പോളിംഗ് ഓഫീസർ ഇടപെടാതിരുന്നാൽ, സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാർക്ക് ചലഞ്ച് ചെയ്യാനാകും. ആറ്റിങ്ങലിലെ 1423 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഹർജി തീർപ്പാക്കി.
ഇരട്ടവോട്ടുള്ളവരെ ഒരിടത്തുമാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാവൂ എന്നും കേന്ദ്രസേനയുടെ നിരീക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനുവേണ്ടി ചീഫ് ഇലക്‌ഷൻ ഏജന്റ് വർക്കല കഹാറാണ് കോടതിയെ സമീപിച്ചത്.

മൂവായിരത്തിലധികം ഇരട്ടവോട്ടുകൾ കണ്ടെത്തി ഒഴിവാക്കിയെന്നും പ്രക്രിയ തുടരുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. 1,61,231 ഇരട്ടവോട്ടുകൾ മണ്ഡലത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥാനാർത്ഥിയുടെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. പട്ടിക കമ്മിഷന് പരിശോധിക്കാനായി കൈമാറാമെന്നും ഹർജിക്കാർ അറിയിച്ചു.

Advertisement
Advertisement