മഷിപുരളാൻ ആറുനാൾ, അതിരില്ലാത്ത ആവേശപ്രചാരണം

Saturday 20 April 2024 3:43 AM IST

തിരുവനന്തപുരം: മഷിപുരളാൻ ആറുനാൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ വേഗത്തിലാക്കി.അവസാന ലാപ്പിൽ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.പൊള്ളുന്ന വേനൽച്ചൂടിനെയും ഇടയ്ക്ക് പെയ്യുന്ന വേനൽ മഴയേയും അവഗണിച്ചാണ് സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിക്കുന്നത്.ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് സ്ഥാനാർത്ഥികൾക്കൊപ്പം അണികൾക്കും ആവേശം അല്ലത്തല്ലുകയാണ്.പ്രധാനപ്പെട്ട ജനപ്രിയ നേതാക്കളെ അവാസാന നാളുകളിൽ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമാക്കുകയാണ് സ്ഥാനാർത്ഥികൾ.

മൂന്നാംഘട്ട പര്യടനത്തിനെത്തിയ തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് നെയ്യാറ്റിൻകര അസംബ്ളി മണ്ഡലത്തിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.രാവിലെ വഴിമുക്കിൽ നിന്ന് തുടങ്ങിയ പര്യടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ.എ പ്രസംഗിച്ചു.തുടർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വിവിധ ബൂത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി.രാത്രി വൈകി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു.കനത്ത ചൂട് അവഗണിച്ചും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകരാണ് സ്ഥാനാർത്ഥിക്ക് വരവേൽപ്പ് നൽകാനെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ എ.എസ്.ആനന്ദകുമാർ,അഡ്വ.ആർ.എസ്.ജയൻ,ശരൺ ശശാങ്കൻ,പി.എസ്.ആന്റസ് തുടങ്ങിയവർ പങ്കെടുത്തു.

ഡോ.ശശി തരൂരിന്റെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ രണ്ടാ ഘട്ട പര്യടനം മുളവന ജംഗ്ഷനിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ,ആർ.വത്സലകുമാർ,ശാസ്തമംഗലം മോഹൻ,മണ്ണാമൂല രാജൻ,ഗോകുൽ ദാസ്,പാറ്റൂർ സുനിൽ കുമാർ,കണ്ണമ്മൂല മധു,എം.പി സാജു,ബീമാപള്ളി റഷീദ്,വിനോദ് യേശുദാസ്,വള്ളക്കടവ് വേണുകുമാർ,മേരിപുഷ്പം തുടങ്ങിയവർ സംസാരിച്ചു. മുളവന ജംഗ്ഷനിലുള്ള ശ്രീനാരായണ ഗുരുദേവൻ അയ്യങ്കാളി എന്നിവരുടെ പ്രതിമകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് തരൂർ പര്യടനമാരംഭിച്ചത്. മുളവനയിൽ നിന്ന് 8.30ന് ആരംഭിച്ച പര്യടനം ഗൗരീശപട്ടം കുമാരപുരം,കണ്ണമ്മൂല,പള്ളിമുക്ക്,പാറ്റൂർ,വടയക്കാട്,തമ്പുരാൻമുക്ക്,വിവേകാനന്ദ നഗർ,കുറവൻകോണം വഴി പറമ്പുകോണത്ത് ഉച്ചഭക്ഷണത്തിനായി അവസാനിപ്പിച്ചു.വൈകിട്ട് 3ന് വയലിക്കടയിൽ നിന്നാരംഭിച്ച പര്യടനം കുറവൻകോണം ജംഗ്ഷൻ,ദേവസ്വം ബോർഡ് ജംഗ്ഷൻ,നളന്ദ,ചാരാച്ചിറ തുടങ്ങി നിരവധി സ്ഥലങ്ങളിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം രാത്രി ഒമ്പതിന് നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ സമാപിച്ചു.ശശി തരൂരിനു വേണ്ടി ഇന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയഗാന്ധിയുടെ റോഡ് ഷോയും തിരുവനന്തരപുരത്ത് നടക്കും.

കഴക്കൂട്ടത്തായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം.വൈകിട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ നേതൃത്വം നൽകിയ റോഡ് ഷോയുമായാണ് പര്യടനം സമാപിച്ചത്.മുടവൻപാറ ജംഗ്ഷനിൽ നിന്ന് ബാലരാമപുരം സാലിഗാത്ര തെരുവ് വരെയായിരുന്നു നദ്ദ റോഡ് ഷോ നടത്തിയത്.രാവിലെ കഴക്കൂട്ടം മണ്ഡലത്തിലെ വാഹന പര്യടനജാഥ കരുമ്പുക്കോണം ക്ഷേത്രനടയിൽ ജില്ലാ ബി.ജെ.പി അദ്ധ്യക്ഷൻ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വിഷ്ണു അദ്ധ്യക്ഷനായി.സംസ്ഥാന ഉപാദ്ധ്യഷ പ്രൊഫ.വിടി.രമ,ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്,മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ,ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി മുകേഷ്,മണ്ഡലം ജനറൽ സെക്രട്ടറി എസ്.എസ്.സുനിൽ,കൗൺസിലർമാരായ ഗായത്രിദേവി,അർച്ചന മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷനും തിരുവനന്തപുരം കോർപറേഷന്‍ കൗൺസിലറുമായ കരമന അജിത്തിന്റെ നേതൃത്വത്തിൽ സംസ്കൃതത്തിൽ പ്രചാരണബോർഡുകൾ സ്ഥാപിച്ചത് കൗതുകമായി.ഇന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും പ്രചാരണത്തിനായി തലസ്ഥാനത്തെത്തും.

Advertisement
Advertisement