സുധാകരൻ പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്ത് വിടുമോ: പി.കെ. ശ്രീമതി

Saturday 20 April 2024 12:10 AM IST
പി.കെ ശ്രീമതി

കണ്ണൂർ: കഴിഞ്ഞ അഞ്ചു വർഷം കണ്ണൂർ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ ജനസമക്ഷം സമർപ്പിക്കാനാകാത്ത എം.പി പൂർണപരാജയമെന്ന്‌ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ എം.പിയുമായ പി.കെ ശ്രീമതി പറഞ്ഞു. റിപ്പോർട്ടിലുൾപ്പെടുത്താൻ ഒന്നുമില്ലെന്നതാണ്‌ വസ്‌തുത. അഞ്ചു വർഷം എം.പി പാഴാക്കിയെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ശ്രീമതി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ എം.പിയായിരുന്നപ്പോൾ കണ്ണൂർ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അഭിമാനത്തോടെ സമർപ്പിക്കാനായിട്ടുണ്ട്‌. എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ പാർലമെന്റിൽ പറയുന്നതിലും നടപ്പാക്കുന്നതിലും സുധാകരൻ പരാജയപ്പെട്ടു. എം.പി ഫണ്ട്‌ വിനേിയോഗിക്കുകയോ മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്ത്‌ പ്രശ്‌നങ്ങളിൽ ഇടപെടുകയോചെയ്‌തില്ല. നഷ്‌ടപ്പെട്ട അഞ്ചുകൊല്ലം തിരിച്ചു പിടിക്കാൻ കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നും പി.കെ. ശ്രീമതി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സെക്രട്ടറി എൻ. ചന്ദ്രൻ, പ്രസിഡന്റ്‌ സി.പി. സന്തോഷ്‌കുമാർ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement