ഗവർണറുടെ സഞ്ചാരം തടയാൻ ആ‌ർക്കും അധികാരമില്ല:  ആനന്ദബോസ്

Saturday 20 April 2024 12:34 AM IST

കൊൽക്കത്ത: തിരഞ്ഞെടുപ്പിലെ അക്രമവും അഴിമതിയും എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലുറച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ജനങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന സ്വൈര്യജീവിതം ഉറപ്പുവരുത്താൻ ഗവർണർ എന്ന നിലയിൽ ബാദ്ധ്യസ്ഥനാണെന്നും ഗവർണറുടെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ചതുരംഗത്തിൽ കരുവാകേണ്ടെന്നു കരുതി സ്വയമെടുത്ത തീരുമാനമാണ് സന്ദർശനം വേണ്ട എന്നത്. ഒരു രാഷ്ട്രീയപാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായരൂപത്തിൽ നടത്തിയ അഭ്യർത്ഥന മാനിച്ചു. ഗവർണർക്ക് സൗകര്യങ്ങളും സുരക്ഷയുമൊരുക്കേണ്ട ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ തിരക്കിലാണെന്ന കാരണമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ ചൂണ്ടിക്കാട്ടിയായത്. അതല്ല, സന്ദർശനം നടത്തുകയാണെങ്കിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാമെന്ന് പിന്നീട് അറിയിച്ചു.- ആനന്ദബോസ് പറഞ്ഞു. ഇന്നലെ രാവിലെ ആറു മുതൽ കൊൽക്കത്ത നഗരത്തിലെ നിരത്തുകളിൽ ജനങ്ങളുമായി സംവദിക്കുകയും രാജ്ഭവനിലെ പീസ്റൂമിൽ നേരിട്ടും ഫോണിലൂടെയും പരാതികൾ സ്വീകരിച്ചു.
അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയടക്കമുള്ള നിയമജ്ഞരും ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
രഹസ്യമാക്കിവെക്കേണ്ട, സ്ഥിരംകുറ്റവാളികളുടെ പട്ടിക രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾക്ക് കൈമാറി കുരുക്കിലകപ്പെട്ടിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. ഗവർണർ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അക്രമ, അഴിമതി, പക്ഷപാതം, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതിപ്രവാഹമാണ് രാജ്ഭവനിലെ പീസ്റൂമിൽ. വെള്ളിയാഴ്ച ഗവർണർ നേരിട്ട്തന്നെ പീസ്റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവിടെവെച്ച് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
"ബംഗാളിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവുമാണ് എന്റെ മുൻഗണന. അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ പോരാടുന്നതിലാണ് എൻ്റെ ശ്രദ്ധ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവേളയിൽ. എൻ്റെ സന്ദർശനങ്ങൾ ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ്, പക്ഷേ ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണറുടെ ഓഫീസിൻ്റെ അന്തസ്സ്താഴ്ത്താൻആരെയും അനുവദിക്കുകയില്ല” - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement