'വാസുകി ഇൻഡിക്കസ്' ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ

Saturday 20 April 2024 12:39 AM IST

ന്യൂഡൽഹി: 50 അടിയോളം നീളവും ഒരു ടൺ ഭാരവും ഉണ്ടായിരുന്നെന്ന് കരുതുന്ന ഭീമൻ പുരാതന പാമ്പ് വർഗ്ഗത്തിന്റെ ഫോസിൽ കണ്ടെത്തിയെന്ന് ഗവേഷകർ. 2005ൽ ഗുജറാത്തിലെ പാനന്ദ്രോ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് ഐ.ഐ.ടി റൂർക്കിയിലെ ശാസ്ത്രജ്ഞരാണ് ഫോസിൽ കണ്ടെത്തിയത്. പാമ്പിന്റെ 27 കശേരുക്കളാണ് കണ്ടെത്തിയത്.

അടുത്തിടെയാണ് ഇതൊരു ഭീമൻ പാമ്പിന്റെ ഫോസിലാണെന്ന് സ്ഥിരീകരിച്ചത്. 'വാസുകി ഇൻഡിക്കസ്' എന്ന് പേരിട്ടിരിക്കുന്ന ഫോസിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പിന്റേതാണെന്ന് ഗവേഷകർ പറയുന്നു. അതേ സമയം,​ ഭൂമുഖത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ടൈറ്റനോബോവ ആണെന്നാണ് നിലവിലെ നിഗമനം.

60 മില്യൺ വർഷങ്ങൾക്കു മുമ്പ് ദിനോസറുകളുടെ കാലത്ത് ജീവിച്ച ടൈറ്റനോബോവയ്ക്ക് 40 മുതൽ 50 അടി വരെ നീളം ഉണ്ടായിരുന്നു. തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന ടൈറ്റനോബോവയേക്കാൾ വലുതായിരുന്നോ വാസുകി എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ സുനിൽ ബാജ്‌പെയ് പറഞ്ഞു. ഇതിന് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. വാസുകിയേക്കാൾ വലിപ്പം കൂടിയ കശേരുക്കളായിരുന്നു ടൈറ്റനോബോവയ്ക്ക്.

ചതുപ്പിൽ ജീവിച്ചു

 നാഗരാജാവായ വാസുകിയുടെ പേരാണ് ഫോസിലിന്

 പെരുമ്പാമ്പുമായി സാമ്യമുള്ള ശരീരഘടന

 വിഷമില്ല

 പതിയിരുന്ന് ഇരയെ പിടികൂടി വരിഞ്ഞുമുറുക്കി കീഴ്‌പ്പെടുത്തിയിരിക്കാം

 ചതുപ്പിൽ ജീവിച്ചിരുന്നെന്ന് നിഗമനം

 നിലവിൽ ലോകത്ത് ഏറ്റവും നീളം കൂടിയ പാമ്പ് റെറ്റിക്കുലേറ്റഡ് പൈത്തണാണ് ( 33 അടി )​. ഭാരത്തിൽ മുന്നിൽ ഗ്രീൻ അനാകോണ്ടയും

Advertisement
Advertisement