എന്തൂട്ടാ... പൂരം, പൊളിച്ചൂട്ടാ..!

Saturday 20 April 2024 12:48 AM IST

തൃശൂർ: കത്തുന്ന വെയിലിനും സൂര്യഘാതഭീഷണിക്കും തളർത്താനായില്ല, വിവിധ ദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ പുരുഷാരം പൂരം നെഞ്ചേറ്റി. പഞ്ചവാദ്യത്തിന്റെ മധുരസംഗീതവും ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശത്തിരമാലയും തെക്കെഗോപുര നടയിൽ വർണ വസന്തം തീർത്ത കുടമാറ്റവും കണ്ട് രാത്രി പൂരത്തിന്റെ ദൃശ്യവിരുന്നിൽ ജനസഹ്രസങ്ങൾ ലയിച്ചു.

പുല‌ർച്ചെ മൂന്നിന് നിയമവെടി മുഴങ്ങിയതോടെ നഗരം പൂരത്തിലേക്കമർന്നു. അതിരാവിലെ ശാസ്താവ് തെക്കെ ഗോപുരനട കടന്ന് ശ്രീവടക്കുന്നാഥനെ വണങ്ങാൻ എത്തിയതോടെ എല്ലാ നഗരവഴികളും പൂരത്തിലേക്കായി. ചെറിയ ആൾക്കൂട്ടങ്ങളായി വന്നവ‌ർ മറ്റ് ഘടകപൂരങ്ങൾക്കൊപ്പം വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നെള്ളി. ഇതോടെ ശ്രീമൂല സ്ഥാനത്ത് ജനപ്പെരുപ്പം. സമയം പത്തായപ്പോഴേക്കും തേക്കിൻകാട് മൈതാനവും ശക്തന്റെ നാട്ടിടവഴികളും ജനനിബിഡം.

ലക്ഷണമൊത്ത ഗജവീരൻമാരും വാദ്യവിസ്മയവുമായി എത്തിയ ഘടകപൂരങ്ങൾ ആവോളം ആസ്വദിച്ചതിന് പിന്നാലെ മഠത്തിൽവരവ് പഞ്ചവാദ്യം പുരുഷാരത്തിന് മറ്റൊരു അനുഭൂതിയായി. പാറമേക്കാവിന്റെ എഴുന്നെള്ളത്തും ഇലഞ്ഞിത്തറ മേളവും ആയപ്പോഴേക്കും സൂചികുത്താൻ ഇടമില്ലാത്തവിധം നിറഞ്ഞു, പുരുഷാരം !

ചേരാനെല്ലൂരും കിഴക്കൂട്ടും പ്രമാണം വഹിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെ മേളത്തിനും താളം പിടിക്കാനെത്തിയത് ആയിരങ്ങൾ. പെരുമയായ കുടമാറ്റമായപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതം. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളേറ്റ സായാഹ്നത്തിൽ വർണങ്ങളുടെ നീരാട്ടായിരുന്നു തേക്കിൻകാട്ട് അരങ്ങേറിയത്. ഒടുവിൽ അൽപ്പനേരത്തെ വിശ്രമശേഷം വീണ്ടും രാത്രിപൂരത്തിന്റെ മനോഹാരിതയിലേക്ക്.

ഇന്ന് പുലർച്ചെ ശിവപുരിയുടെ ആകാശമേലാപ്പിൽ കരിമരുന്നിന്റെ മായാജാലവും തട്ടകക്കാരുടെ പൂരം കണ്ടും ഉച്ചയ്ക്ക് ശ്രീമൂല സ്ഥാനത്ത് വടക്കുന്നാഥനെ സാക്ഷിയാക്കി അടുത്ത വർഷത്തെ പൂരത്തീയതി കുറിച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് ആഘോഷത്തിന് സമാപനമാകുക.

ആശ്വാസമായി സന്നദ്ധ സേവകരുടെ സേവനങ്ങൾ
രാവിലെ മുതൽക്കേ പൂരത്തിൽ വന്നണയുന്നവർക്ക് സേവനവുമായി നിരവധി സംഘടനകളും രംഗത്തുണ്ടായിരുന്നു. കോർപറേഷൻ, സേവാഭാരതി, ആക്ട്സ് തുടങ്ങിയ സംഘടനകൾ കുടിവെള്ളവും ഭക്ഷണവും ആരോഗ്യ സേവനവുമായി കർമ്മനിരതരായിരുന്നു. കുടമാറ്റ സമയത്ത് ഉൾപ്പെടെ തിരക്കിൽപ്പെട്ടും വെയിലിൽ തളർന്ന് വീണവരെയും ആശുപത്രിയിൽ എത്തിക്കാൻ നിരവധി പേർ രംഗത്തുണ്ടായിരുന്നു.

ചേരാനെല്ലൂർ തിമർത്തു
നായ്ക്കനാലിൽ മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കലാശിച്ചതോടെ ചേരാനെല്ലൂരിന്റെ ഊഴമായിരുന്നു. പാണ്ടിയുടെ സൗരഭ്യം വിടർത്തി ശ്രീമൂലസ്ഥാനത്തേക്ക് കൊട്ടിക്കയറി ചേരാനെല്ലൂരും സംഘവും പതിയെ നീങ്ങിയതോടെ ജനസാഗരം ആകാശത്തേക്ക് കൈകളെറിഞ്ഞ് ആവേശം കൊണ്ടു. അകത്ത് കിഴക്കൂട്ട് ഇലഞ്ഞിത്തറയിൽ മേളഗോപുരം തീർക്കുമ്പോൾ പുറത്ത് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും കൂട്ടരും കൊട്ടിതിമർത്തു.

ക്ഷീണിച്ചവശരായി പൊലീസ്

തുടർച്ചയായ ഡ്യൂട്ടിയിൽ അവശരായി പൊലീസ്. 3500 പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. എന്നാൽ ഓരോ നിമിഷം ചെല്ലുംതോറും കൂടി വന്ന തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പൊലീസ് പാടുപെട്ടു. ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളും വലച്ചു.

Advertisement
Advertisement