പൂരത്തിലലിഞ്ഞ് സ്ഥാനാർത്ഥികളും

Saturday 20 April 2024 12:53 AM IST

തൃശൂർ: സ്ഥാനാർത്ഥികളും പൂരത്തിന്റെ ആരവത്തിലലിഞ്ഞു. മുൻനിര നേതാക്കളും സ്ഥാനാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ രാവിലെ 7.30 ന് തിരുവമ്പാടി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് ചെമ്പൂക്കാവ്, അയ്യന്തോൾ, ലാലൂർ ക്ഷേത്രങ്ങളിലും എത്തി. പിന്നീട് മഠത്തിൽ വരവ് കാണാൻ ബ്രഹ്മസ്വം മഠത്തിലെത്തി. നേതാക്കളായ സി.പി. ജോൺ, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മേളം ആസ്വദിച്ച് ഒരു മണിക്കൂറോളം ചെലവഴിച്ചായിരുന്നു മടക്കം. തുടർന്ന് പാറമേക്കാവിൽ എത്തി. ഇലഞ്ഞിത്തറ മേളം തുടങ്ങുന്നതിന് മുമ്പ് വടക്കുന്നാഥന്റെ സന്നിധിയിലെത്തി.

കണിമംഗലം ശാസ്താവിനെ തൊഴുതായിരുന്നു എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പൂരനാളിലെ തുടക്കം. തുടർന്ന് നെയ്തലക്കാവിലമ്മയുടെ സന്നിധാനത്തെത്തി. അയ്യന്തോൾ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. തിരുവമ്പാടി ഭഗവതിക്ക് നായ്ക്കനാലിൽ പറ വച്ചു. സേവാഭാരതിയുടെ പൂര പ്രേക്ഷകർക്കുള്ള കഞ്ഞി വിതരണം പഴയനടക്കാവ് ലക്ഷ്മി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലക്ഷ്മി സുരേഷ് ട്രസ്റ്റും ലോകസമസ്ത സുഖിനോ ഭവന്തു സംഘടനയും ചേർന്ന് രണ്ടായിരം പൊലീസുകാർക്കു കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
സ്ഥാനാർത്ഥിയാണെങ്കിലും വി.എസ്. സുനിൽ കുമാർ രാവിലെ തന്നെ പൂരത്തിരക്കിലേക്കിറങ്ങി. ഇന്നലെ 11 മണിയോടെ ബ്രഹ്മസ്വം മഠത്തിലെത്തി. അവിടെയുണ്ടായിരുന്ന മുരളീധരനുമായി ചെറിയ കുശലം പറച്ചിലിന് ശേഷം മുക്കാൽ മണിക്കൂറോളം മേളം ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. സുനിൽകുമാർ എത്തിയതിനൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസും ബ്രഹ്മസ്വം മഠത്തിലെത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ആസ്വാദകനായി മഠത്തിലുണ്ടായിരുന്നു. മന്ത്രി കെ. രാജൻ പൂരാഘോഷത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. മന്ത്രി ആർ. ബിന്ദുവും പൂരനഗരയിൽ ഉണ്ടായിരുന്നു.

Advertisement
Advertisement