തേക്കിൻകാട്ടിലേക്കുള്ള വഴിയടച്ചു, മഠത്തിൽ വരവിനിടെ 'പൊലീസ് ഷോ'

Saturday 20 April 2024 12:57 AM IST

തൃശൂർ: തേക്കിൻകാട്ടിലേക്ക് കയറുന്ന വഴികളെല്ലാം കൊട്ടിയടച്ച് ജനങ്ങളെ ദുരിതത്തിലാക്കി പൊലീസ്. തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ നിന്നുള്ള ഭാഗത്തെ വഴിയാണ് ബാരിക്കേഡ് കൊണ്ട് അടച്ചത്. ഇതുമൂലം മണികണ്ഠനാൽ വഴി മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് കയറാനായത്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ വഴി അടച്ചുകെട്ടിയിരുന്നില്ല. വെടിക്കെട്ട് സമയത്ത് ആളുകളെ മാറ്റുമ്പോൾ ബാരിക്കേഡ് വച്ച് അടയ്ക്കാവുന്ന സ്ഥലമാണ് രാവിലെ മുതൽ കൊട്ടിയടച്ചത്.

മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്തും പൊലീസിന്റെ 'ഷോ' അരങ്ങേറി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പന്തലിൽ തിരുവമ്പാടി വിഭാഗം കമ്മിറ്റിക്കാർ ഉൾപ്പടെയുള്ളവരെ തള്ളിമാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാദ്യാസ്വാദകർക്ക് മുന്നിൽ പൊലീസിനെ വിന്യസിച്ചു. സി.എം.പി നേതാവ് സി.പി. ജോൺ അടക്കമുള്ളവരെ മാറിനിൽക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടത്രെ.

രാവിലെ തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് വരുന്നതിന് പുറപ്പെടുമ്പോൾ ആനയ്ക്ക് മുന്നിൽ ആറടി അകലത്തിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇടപെട്ടതും വാക്ക് തർക്കത്തിനിടയാക്കിയിരുന്നു. എല്ലായിടത്തും വാർത്തകൾ ശേഖരിക്കാൻ മാദ്ധ്യമ പ്രവർത്തകർക്ക് പാസ് നൽകിയെങ്കിലും പലയിടത്തും തടഞ്ഞതും പ്രതിഷേധത്തിന് വഴിവച്ചു. കഴിഞ്ഞ വർഷവും പൊലീസ് തിരുവമ്പാടി വിഭാഗവുമായി തർക്കമുണ്ടായിരുന്നു.

കുടമാറ്റത്തിനിടയിലും

പാറമേക്കാവ് വിഭാഗം എഴുന്നെള്ളുന്നതിനിടെ വടംകെട്ടി ആളുകളെ പുറത്താക്കിയതും കുടമാറ്റ സമയത്ത് പാറമേക്കാവ് സ്വരാജ് റൗണ്ടിലേക്ക് കടന്നയുടൻ ആളുകളെ തേക്കിൻകാട്ടിലേക്ക് പ്രവേശിപ്പിച്ചതും പൊലീസിന്റെ വകതിരിവില്ലായ്മയായി. കുടമാറ്റ സമയത്ത് പാറമേക്കാവ് വിഭാഗം രാജാവിന്റെ പ്രതിമയുടെ അടുത്തേക്ക് നീങ്ങുന്നതിനിടെ തന്നെ ആളുകളെ കയറ്റിയതിനാൽ തെക്കെഗോപുരനട വഴി തിരുവമ്പാടി വിഭാഗത്തിന് ഇറങ്ങിവരാൻ ഏറെ ബുദ്ധിമുട്ടായിരുന്നു.

Advertisement
Advertisement