പൂരം: ബാറുകൾക്ക് ഫീസിളവിന് കോടതി നിർദ്ദേശം

Saturday 20 April 2024 12:57 AM IST

കൊച്ചി: തൃശൂർ പൂരത്തിന് താലൂക്കിലെ മദ്യശാലകളുടെ പ്രവർത്തനം വിലക്കിയ പശ്ചാത്തലത്തിൽ ലൈസൻസ് ഫീസിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നും അനുഭാവപൂർവം പരിഗണിക്കണമെന്നും ഹൈക്കോടതി. കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിവിധ ബാർ ഹോട്ടൽ പ്രതിനിധികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.

ബാറുകളും കള്ളുഷാപ്പുകളും വെള്ളി പുലർച്ചെ രണ്ട് മുതൽ ഇന്നുച്ചയ്ക്ക് രണ്ടുവരെ അടച്ചിടണമെന്നാണ് കളക്ടർ നിർദ്ദേശിച്ചത്. നിരോധനം ഇന്നു രാവിലെ പത്തുവരെ മതിയെന്ന് കോടതി ഭേദഗതിചെയ്തു. ഒട്ടേറെ ജനങ്ങളെത്തുന്ന പൂരനഗരിയിൽ കളക്ടറുടെ ഉത്തരവ് പൊതുനന്മ കണക്കിലെടുത്താണെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.

ഒന്നരദിവസത്തോളം അടഞ്ഞുകിടന്നാൽ വൻതുക ലൈസൻസ് ഫീ നൽകിയ മദ്യവ്യവസായികൾക്ക് ഉണ്ടാകുന്ന നഷ്ടംകൂടി കണക്കിലെടുത്താണ് നിരോധനത്തിൽ നാലുമണിക്കൂർ ഇളവു വരുത്തിയത്. പ്രധാന പൂരാഘോഷം ഇതിനകം പൂർത്തിയാകുമെന്നതും കോടതി കണക്കിലെടുത്തു.

Advertisement
Advertisement