വർണങ്ങളുടെ വിസ്മയച്ചെപ്പ് തുറന്ന് കുടമാറ്റം !

Saturday 20 April 2024 12:58 AM IST

തൃശൂർ: വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ തെക്കെഗോപുരനടയിൽ ഒരു മണിക്കൂറിലേറെ നേരം വർണങ്ങളുടെ വിസ്മയച്ചെപ്പ് തുറന്ന് തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ, ആവേശത്തിലാറാടി ജനസാഗരം. സായംസന്ധ്യയിൽ പകൽപ്പൂരത്തിന് സമാപനം കുറിച്ചായിരുന്നു ആവശേക്കുടമാറ്റം നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദൻ തെക്കെഗോപുരനടയിലൂടെ പുറത്തിറങ്ങിയതോടെ തിങ്ങിനിറഞ്ഞ പുരുഷാരം ആരവമുയർത്തി.

കോർപറേഷൻ ഓഫീസിനു സമീപത്തെ ഇരട്ടിച്ചിറ ഭഗവതിയെ വണങ്ങി തിരികെ തെക്കെഗോപുരനടയിലേക്ക് മടങ്ങി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ 5.40ന് തേക്കെഗോപുര നട കടന്നതോടെ ആവേശം ആർപ്പുവിളികളായി. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതോടെ സമയമായി.
പച്ചക്കുടകൾ ഉയർത്തി പാറമേക്കാവാണ് വർണങ്ങളുടെ നീരാട്ടിന് തുടക്കമിട്ടത്. മയിൽപ്പീലി വർണങ്ങളിൽ കുടകളുയർത്തി തിരുവമ്പാടിയുടെ മറുപടി എത്തിയതോടെ ഇളംപച്ചയും കരിനീലയും കടുംമഞ്ഞയും ചെമ്പട്ടുമൊക്കെയായി വാശിയേറിയ കുടമാറ്റം. 6.05ന് വടക്കുന്നാഥന്റെ ഗോളകയോടുകൂടിയ കോലമുയർത്തിയ പാറമേക്കാവിനു മറുപടിയായി കുടകൾ തന്നെയാണ് തിരുവമ്പാടി ഉയർത്തിയത്. ഏറെ വൈകിയില്ല, ശിവലിംഗത്തോടൊപ്പം നന്ദികേശന്റെ കോലം ഉയർത്തി തിരുവമ്പാടി മറുപടി നൽകി.

വീണ്ടും നിലക്കുടകളുടെയും വർണക്കുടകളുടെയും മഴവിൽക്കുടകളുടെയും വേലിയേറ്റം. ഹനുമാനു പിന്നിൽ വില്ലേന്തിയ ശ്രീരാമനും കഥകളിയും ഉണ്ണിക്കണ്ണനും ചക്കുളത്തുകാവ് അമ്മയും പരമശിവനും പാറമേക്കാവിലമ്മയുടെ കോലക്കുടയും മാറിമാറി ഉയർന്നു. രാം ലല്ലയും അയോദ്ധ്യ രാമക്ഷേത്രവും കുടമാറ്റത്തിൽ നിറഞ്ഞു. ഏഴരയോടെ കുടമാറ്റത്തിന് സമാപനം കുറിച്ച് ഭഗവതിമാർ പിരിഞ്ഞു.

Advertisement
Advertisement