"ചൂടോ ? തേങ്ങേരെ മൂടാണ്... "
തൃശൂർ: 'ചൂടോ ? തേങ്ങേരെ മൂടാണ്... ' പൂരത്തിനിടെ ചൂടിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ജയരാജ് വാര്യരോട് ചോദിച്ചപ്പോൾ തൃശൂർ ടച്ചിൽ അദ്ദേഹത്തിന്റെ മറുപടി. തൃശൂരിലെ ആരോടു ചോദിച്ചാലും അങ്ങനെയേ പറയൂ. നാൽപ്പത് ഡിഗ്രിയല്ല, അതിലപ്പുറം 'ചാടിക്കടന്ന' ചൂടായാലും തൃശൂരിലെ സിനിമാതാരങ്ങൾക്ക് പോലും അത് കുളിരാണ്. സുനിൽസുഖദ, രതീഷ് വേഗ, സിജു വിൽസൺ, കൃഷ്‌ണേന്ദു തുടങ്ങിയ സിനിമാതാരങ്ങളെല്ലാം പൂരപ്പറമ്പിൽ ഹാജരായിരുന്നു. അവർക്കെല്ലാം ഈ ചൂടും പൂരത്തിന്റെ തിക്കും തിരക്കുമെല്ലാം ഒരാവേശം.
കഴിഞ്ഞ ദിവസങ്ങളേക്കാൾ ഇന്നലെ അൽപ്പം ചൂട് കുറഞ്ഞിരുന്നു. നേരിയ മഴക്കാറുമുണ്ടായിരുന്നു. എന്നാൽ മഴ പെയ്യുമെന്ന് തോന്നിപ്പിച്ചുമില്ല. ചൂട് എത്ര കുറഞ്ഞാലും ജനലക്ഷങ്ങൾ നിരന്നു കഴിയുമ്പോൾ ചൂട് അമ്പത് ഡിഗ്രിയ്ക്കപ്പുറം അനുഭവപ്പെടുമെന്നത് സത്യം.
പണ്ടത്തെപ്പോലെയല്ല, തെക്കൻമാർക്കും വടക്കൻമാർക്കും ആവേശം കൂടുതലാണെന്ന് പറയുന്നവരുണ്ട്. നഗരത്തിന് കിലോമീറ്ററുകൾ അകലെയുള്ള ഹോട്ടലുകളിൽ പോലും മുറികൾ കിട്ടാനില്ല. തൃശൂരൊഴികെ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള ജില്ലകളിൽ നിന്നുള്ളവർ കൂടുന്നു എന്നതിന്റെ തെളിവ് കൂടിയാണത്. വാദ്യമേളങ്ങളുടെ സിംഫണിയും കാഴ്ചകളുടെ ഉത്സവവും ഭക്തർക്ക് കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാരുടെ എഴുന്നള്ളത്തുമെല്ലാമായി വീണ്ടും പൂരം പൂത്തുലയുകയായിരുന്നു.