ഫിലിപ്പീൻസിലേക്ക് ഇന്ത്യൻ ബ്രഹ്മോസ്

Saturday 20 April 2024 7:24 AM IST

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ ചരിത്രം കുറിച്ച് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ആദ്യ ബാച്ച് ഇന്നലെ ഫിലിപ്പീൻസിലെത്തി. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എത്തിച്ച മിസൈലുകൾ ഇന്ത്യൻ ഉദ്യോഗസ്ഥർ ഫിലിപ്പീൻസ് മറൈൻ കോറിന് കൈമാറി. 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 37.5 കോടി ഡോളർ കരാറിന്റെ ഭാഗമായിട്ടായിരുന്നു കൈമാറ്റം. ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്തിന് ഇന്ത്യ ബ്രഹ്മോസ് മിസൈൽ കൈമാറുന്നത്.

മൂന്ന് ഹൈ - സ്പീഡ് ബ്രഹ്മോസ് മിസൈൽ സിസ്റ്റമാണ് ആദ്യ ബാച്ചിലുള്ളത്. ഓരോ സിസ്റ്റത്തിലും രണ്ട് മിസൈൽ ലോഞ്ചറുകളും ഒരു റഡാർ യൂണിറ്റും ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഉൾപ്പെടുന്നു. 10 സെക്കൻഡിനുള്ളിൽ രണ്ട് മിസൈലുകൾ വിക്ഷേപിക്കാൻ ഈ സിസ്റ്റത്തിലൂടെ കഴിയുന്നു. മിസൈലുകൾ കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനവും കരാറിന്റെ ഭാഗമായി ഇന്ത്യ നൽകും.

ബ്രഹ്‌മോസ് മിസൈലിന്റെ കരയിലുള്ള ഘടകങ്ങളും സാങ്കേതിക വിദ്യയും നേരത്തെ കൈമാറിയിരുന്നു. ചൈനയും ഫിലിപ്പീൻസും ദക്ഷിണ ചൈനാ കടലിൽ സംഘർഷം പതിവായ സാഹചര്യത്തിലാണ് മിസൈലുകളുടെ കൈമാറ്റമെന്നത് ശ്രദ്ധേയമാണ്.

ചൈനയിൽ നിന്നുള്ള ഭീഷണികൾ തടയാൻ ഫിലിപ്പീൻസിലെ സമുദ്ര തീരങ്ങളിൽ ബ്രഹ്‌മോസ് മിസൈലുകൾ വിന്യസിക്കും. ചൈനീസ് ഇടപെടലിൽ അസ്വസ്ഥരായ ഇൻഡോനേഷ്യ, സിംഗപ്പൂർ, താ‌യ്‌ലൻഡ്, മലേഷ്യ, വിയ​റ്റ്നാം തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. ബ്രഹ്മോസ് മിസൈലിന്റെ വിജയകരമായ കൈമാറ്റം ആഗോള പ്രതിരോധ കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്നതാണ്.

ബ്രഹ്മോസ്

 ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത

 ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈൽ

 മദ്ധ്യ ദൂര റാംജെ​റ്റ് സൂപ്പർസോണിക് ക്രൂസ് മിസൈൽ

 കര, വിമാനം, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാം

 നിർമ്മാണം ഇന്ത്യൻ - റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് ലിമിറ്റഡ്

 റഡാറുകൾക്ക് കണ്ടെത്താൻ പ്രയാസം

 ഇന്ന് ബ്രഹ്മോസിന്റെ 85 ശതമാനം ഘടകങ്ങളും നിർമ്മിക്കുന്നത് ഇന്ത്യയിൽ

Advertisement
Advertisement