സെലെൻസ്കിക്കെതിരെ വധ ഗൂഡാലോചന : പോളണ്ടിൽ ഒരാൾ അറസ്റ്റിൽ

Saturday 20 April 2024 7:24 AM IST

വാർസോ: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ ഒരാൾ പോളണ്ടിൽ അറസ്റ്റിൽ. പവൽ എന്ന് പേരുള്ള പോളിഷ് പൗരനായ ഇയാൾ റഷ്യക്ക് വേണ്ടി ചാരവൃത്തി ചെയ്തിരുന്നെന്നും സെലെൻസ്കിയെ ആക്രമിക്കാനുള്ള റഷ്യൻ സ്പെഷ്യൽ സർവീസിന്റെ പദ്ധതിക്ക് സഹായങ്ങൾ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ടിരുന്നെന്നും അധികൃതർ പറയുന്നു. പോളണ്ടിൽ യുക്രെയിൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള റ്‌സെസോ - ജാസിയോൻക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങൾ റഷ്യൻ ചാരൻമാർക്ക് നൽകാൻ ഇയാൾ തയാറെടുത്തിരുന്നെന്നും പോളിഷ് പൊലീസ് പറയുന്നു. യുക്രെയിൻ അതിർത്തിക്ക് സമീപമായതിനാൽ വിദേശ യാത്രകൾ പുറപ്പെടാൻ സെലെൻസ്കി ഉപയോഗിര്രുന്ന വിമാനത്താവളങ്ങളിൽ ഒന്നാണിത്. ചാരവൃത്തി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതി ശിക്ഷിക്കപ്പെട്ടാൽ എട്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. യുക്രെയിന്റെ പടിഞ്ഞാറൻ അതിർത്തിയിലാണ് പോളണ്ടുള്ളത്. യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം അഭയാർത്ഥികളായി മാറിയ നിരവധി യുക്രെയിൻ പൗരന്മാർക്ക് പോളണ്ട് അഭയം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തിയ സെലെൻസ്കിയ്ക്ക് പ്രസിഡന്റ് ആൻഡ്രേ ഡ്യൂഡയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു.

റഷ്യൻ ചാരന്മാരെന്ന് കരുതുന്ന രണ്ട് പേരെ ജർമ്മനിയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോളണ്ടിലെ സംഭവം. ജർമ്മൻ - റഷ്യൻ വംശജരായ ഇരുവരും സ്ഫോടനങ്ങൾ അടക്കം അട്ടിമറി പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് വിവരം.

Advertisement
Advertisement