വരൂ,​ തിമിംഗലങ്ങളോട് സംസാരിക്കാം !

Saturday 20 April 2024 7:24 AM IST

ന്യൂയോർക്ക്: ചുറ്റുമുള്ള ജീവജാലങ്ങളോട് സംസാരിക്കാൻ മനുഷ്യന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ ? എങ്കിൽ കേട്ടോളൂ, അങ്ങനെയൊന്ന് ചിലപ്പോൾ ഭാവിയിൽ സാദ്ധ്യമായേക്കാം. ! തിമിംഗലങ്ങൾക്കിടെയിലെ ആശയവിനിമയത്തെ മനുഷ്യർക്ക് മനസിലാകുന്ന തരത്തിൽ പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിന് രൂപം നൽകിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഭാവിയിൽ ഇതിലൂടെ മനുഷ്യർക്ക് തിമിംഗലങ്ങളുമായി സംസാരിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

സെറ്റേഷൻ ട്രാൻസ്ലേഷൻ ഇനിഷ്യേറ്റീവ് ( പ്രോജക്ട് സേറ്റി )​ എന്ന് പേരിട്ടിരിക്കുന്ന ഗവേഷണ പദ്ധതി 2020ൽ ഡേവിഡ് ഗ്രൂബർ എന്ന അമേരിക്കൻ മറൈൻ ബയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. കരീബിയൻ ദ്വീപായ ഡൊമിനിക്കയുടെ തീരത്തുള്ള തിമിംഗലങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ പഠനത്തിന്റെ ഭാഗമായി റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്.

ദീർഘ ദൂരങ്ങളിൽ പരസ്പരം ആശയവിനിമയം നടത്താൻ തിമിംഗലങ്ങൾ ഉപയോഗിക്കുന്ന ശബ്ദങ്ങൾ വ്യാഖ്യാനം ചെയ്യാൻ കഴിയുന്ന ഒരു സ്വാഭാവിക ഭാഷ നിർമ്മിത ബുദ്ധിയുടെ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിക്കാനാണ് ഗവേഷകരുടെ ശ്രമം. മൃഗങ്ങൾക്ക് ഭാഷയുണ്ടോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകാനും ഇതിലൂടെ കഴിയും. മനുഷ്യർക്ക് മാത്രമാണ് ഭാഷയുള്ളതെന്നാണ് നൂറ്റാണ്ടുകളായി കരുതിയിരുന്നത്.

എന്നാൽ, മൃഗങ്ങൾ തമ്മിൽ നടത്തുന്ന ആശയവിനിമയങ്ങളെ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ വ്യാപകമായതോടെ ഇത് തെറ്റാണെന്ന തിരിച്ചറിവുണ്ടാവുകയായിരുന്നു. മനുഷ്യന്റെ തലച്ചോറിനേക്കാൾ ആറിരട്ടി വലിപ്പമുണ്ട് തിമിംഗലങ്ങളുടേതിന്. അതുകൊണ്ട് തന്നെ ഇവയ്ക്കിടെയിൽ ശക്തമായ ആശയവിനിമയ രീതിയാണുള്ളത്. വളരെ വലിയ ദൂരങ്ങൾക്കിടെയിൽ നിന്ന് പോലും ദീർഘ ദൂരം അവ വിവരങ്ങൾ കൈമാറുന്നു.

സ്പേം വെയ്‌ലുകളെയാണ് പദ്ധതിയുടെ ഭാഗമായി ഗവേഷണ വിധേയമാക്കുന്നത്. കാരണം, ആശയവിനിമയത്തിന് അവ ഉപയോഗിക്കുന്ന ശബ്ദങ്ങളും മറ്റും കമ്പ്യൂട്ടർ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമാണ്. തിമിംഗങ്ങൾ പുറപ്പെടുവിക്കുന്ന ഏകദേശം 4 ബില്യണോളം ശബ്ദങ്ങൾ ശേഖരിച്ച് ഒരു ഭീമൻ ഡേറ്റാ ബേസ് തയാറാക്കപ്പെടും. ഇതിൽ നിന്ന് തിമിംഗലങ്ങൾ എന്താണ് പറയുന്നതെന്ന് കണ്ടെത്താൻ നിർമ്മിത ബുദ്ധിയുടെ സഹായം തേടും. വിജയകരമായാൽ തിമിംഗലങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താൻ ശേഷിയുള്ള കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷ.

തിമിംഗല ശബ്ദങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് വിവർത്തനം ചെയ്യുന്നതിന് തിമിംഗലങ്ങൾ അത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് തന്നെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. തിമിംഗലങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്യാനും അവയുടെ സ്ഥാനം നിർണയിക്കാനും ചെലവേറിയ സെൻസറുകളാണ് ഉപയോഗിക്കുന്നത്. തിമിംഗലങ്ങളുമായി ആശയവിനിമയം നടത്താനുള്ള മനുഷ്യന്റെ പരീക്ഷണം വിജയിച്ചാൽ ശാസ്ത്രലോകത്ത് അത് വൻ വഴിത്തിരിവാകുമെന്ന് ഗവേഷകർ പറയുന്നു.

Advertisement
Advertisement