'അവന്റേത് തെറ്റായ ധാരണയായിരുന്നു'; എല്ലാം സിമ്പിളായി പരിഹരിക്കാമായിരുന്നുവെന്ന് സലീം കുമാർ
കലാഭവൻ മണിക്കുണ്ടായിരുന്ന അതേ അസുഖമാണ് തനിക്കും വന്നതെന്ന് വെളിപ്പെടുത്തി നടൻ സലീം കുമാർ. അകാലത്തിൽ വിടപറഞ്ഞ കലാഭവൻ മണിയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെയാണ് സലീം കുമാർ കൂടുതൽ വിവരങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞത്.
'മണി ഡോക്ടറെ കണ്ട് ശരിയായ രീതിയിൽ ചികിത്സിച്ചിരുന്നില്ല. ഡോക്ടർ തന്നെയാണ് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നത്. എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിമ്പിളായിട്ട് ഭേദമാക്കാമായിരുന്നു. അവൻ പേടിച്ചിട്ട് ആരോടും പറഞ്ഞിരുന്നില്ല.ആ സമയത്തും മണി കസേരയിലിരുന്ന് പരിപാടികൾ ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അസുഖമുണ്ടെന്ന് അവൻ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
വിവരം അറിഞ്ഞുകഴിഞ്ഞാൽ ജനങ്ങൾ എന്ത് വിചാരിക്കും, സിനിമാക്കാർ എന്തുവിചാരിക്കും. അങ്ങനെയായാൽ സിനിമയിൽ നിന്നും പുറത്തായി പോകും എന്നൊക്കെ മണി പേടിച്ചിരുന്നു. അങ്ങനെയുളള തെറ്റായ ധാരണ അവനുണ്ടായിരുന്നു. അവൻ യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു'- സലീം കുമാർ പറഞ്ഞു.
സിനിമാലോകത്തെയും മലയാളികളെയും ഞെട്ടിച്ചുകൊണ്ട് 2016ലാണ് കലാഭവൻ മണി വിടവാങ്ങിയത്. കൊച്ചിൻ കലാഭവനിലെ മിമിക്രി ആർട്ടിസ്റ്റായും തുടർന്ന് സിനിമയിൽ ഹാസ്യനടനായും നായകനായും നാടൻപാട്ട് കലാകാരനായും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് കലാഭവൻ മണി. സിബി മലയിൽ 1995ൽ സംവിധാനം ചെയ്ത് 'അക്ഷരം ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മലയാളസിനിമയിൽ സജീവമായ താരം തെന്നിന്ത്യൻ സിനിമകളിലും ഭാഗമായി.