'നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്'; സൈബർ ആക്രമണം മനോവീര്യം ചോർത്തിയിട്ടില്ലെന്ന് കെ കെ ശൈലജ

Saturday 20 April 2024 3:41 PM IST

കോഴിക്കോട്: സൈബർ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് മുൻആരോഗ്യവകുപ്പ് മന്ത്രിയും വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വടകര പ്രസ്‌ ക്ലബ്ബിന്റെ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശൈലജ.

'ഉണ്ടായ സൈബർ ആക്രമണം മനോവീര്യം ചോർത്തിയിട്ടില്ല. പാനൂർ സ്‌ഫോടനം മാത്രം ചർച്ചയാക്കുന്നവർ ദേശീയ തലത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്. അന്ന് കുറച്ച് ദേഷ്യമുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ ആകെ ക്ഷീണം ആയെന്ന് ആരും കരുതേണ്ട. എനിക്ക് ക്ഷീണം ഇല്ല. സ്ത്രീ എന്ന നിലയിൽ മാത്രമല്ല. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ വിശ്വാസ്യത കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവർ പ്രചാരണം നടത്തിയത്'- ശൈലജ പറഞ്ഞു.

പിആർ ഉപയോഗിക്കുന്നവർക്ക് എന്ത് കണ്ടാലും പിആർ ആണെന്ന് തോന്നുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയായും ശൈലജ പ്രതികരിച്ചു. 'എനിക്ക് പിആർ ടീം അന്നുമില്ല ഇപ്പോഴുമില്ല. പിആർ ഉപയോഗിക്കുന്നവർക്ക് എല്ലാം മഞ്ഞയായി മാത്രമേ തോന്നൂ. അനുയായികളെ അറസ്റ്റ് ചെയ്യുമ്പോൾ സതീശൻ അവരെ തളളിപ്പറയട്ടേ. പാനൂർ സ്ഫോടന കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരല്ല. പ്രാദേശികമായ പ്രശ്നങ്ങൾ തുടർചർച്ചയാക്കണമെന്ന് കോൺഗ്രസ് വാശിപിടിക്കുകയാണ്. ചെയ്യേണ്ടത് തന്നെയാണോ ചെയ്യുന്നതെന്ന് കോൺഗ്രസ് ആലോചിക്കണം'- ശൈലജ പ്രതികരിച്ചു.

Advertisement
Advertisement