മ​ണ്ണു​മാ​ഫി​യ​യു​ടെ കൊലവിളിയിൽ വിറച്ച് മാമ്മൂട്

Saturday 20 April 2024 6:17 PM IST
our city story cutt 12.4.24

ചങ്ങനാശേരി : നിന്നെയൊക്കെ കൊന്നിട്ടാണെകിലും മണ്ണെടുക്കും' മണ്ണുമാഫിയയുടെ കൊലവിളിയിൽ മാമ്മൂട് തകിടി വരാക്കുന്നിലെ കുടുംബങ്ങൾ ആശങ്കയിലാണ്. മണ്ണ് മാഫിയകളിൽപ്പെട്ട ഗുണ്ടാസംഘങ്ങൾ ഈ മേഖളയിൽ വിലസുകയാണ്. പരാതി ഉയർന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കുന്നില്ല.

മണ്ണെടുപ്പിനെതിരെ പ്രതിഷേധിക്കുന്നവരേ മണ്ണുമാഫിയാ സംഘങ്ങൾ ഭീഷണിപ്പെടുത്തി തുടങ്ങിയതോടെ മാമ്മൂട്, തകിടി മേഖലകളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മണ്ണെടുപ്പിനെതിരേ പ്രതിഷേധിച്ച തെങ്ങണയിലെ വ്യാപാരി മാമ്മൂട് തകിടി വരാക്കുന്ന് പുളിക്കാശേരി ജയിംസ് ജോസഫിന് മണ്ണുമാഫിയ സംഘത്തിന്റെ മർദ്ദനമേറ്റിരുന്നു. മാടപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ മാമ്മൂട് തകിടി ഭാഗത്തെ വരാക്കുന്ന് ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിനെതിരെ അഞ്ചുമാസക്കാലമായി നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രതിഷേധത്തിലാണ്. മാടപ്പള്ളി പഞ്ചായത്തിൽ നിന്ന് അനുവദിക്കുന്ന കെട്ടിട നിർമാണ പെർമിറ്റിന്റെ പേരിലാണ് തകിടിയിലെ കുന്നിടിച്ചുനിരത്താൻ നീക്കം നടക്കുന്നത്.
മണ്ണെടുപ്പിൽ പ്രതിഷേധിക്കുന്നവർക്കെതിരെ തൃക്കൊടിത്താനം പൊലീസ് സ്ത്രീകളടക്കമുള്ളവരുടെ പേരിൽ കേസുകൾ എടുത്തിട്ടുണ്ടെന്ന് സമരസമിതി ഭാരവാഹികൾ ആരോപിച്ചു.

മണ്ണ് ഖനനം ആറ് ഏക്കറിൽ

ഫ്ലാറ്റുകളും ടർഫുകളും നിർമ്മിക്കാനെന്ന വ്യാജേനയാണ് വരാക്കുന്നിലെ ആറേക്കറിലധികം വരുന്ന പ്രദേശത്തെ മണ്ണെടുപ്പ്.

വീടു വയ്ക്കുന്നതിനായി പത്ത് സെന്റിൽ താഴെ മണ്ണെടുക്കുന്നതിനുള്ള അനുമതിയാണ് പഞ്ചായത്തിൽ നിന്നും നൽകുന്നതെന്ന് മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ പറഞ്ഞു. അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തതിനാൽ രണ്ടാഴ്ച മുമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റേ നൽകിയതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു.അതേസമയം, പഞ്ചായത്തിന്റെ സ്റ്റേക്കെതിരേ ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിച്ചിട്ടുണ്ടെന്നാണ് മണ്ണെടുപ്പുകാർ പറയുന്നത്.

Advertisement
Advertisement