ഓസ്‌കാർ ലഭിച്ച 'ജയ്ഹോ ' ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല,​ വെളിപ്പെടുത്തലുമായി സംവിധായകൻ

Saturday 20 April 2024 7:27 PM IST

മുംബയ് : ഓസ്‌കാർ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ എ.ആർ. റഹ്‌മാന് നേടിക്കൊടുത്ത സ്ലംഡോഗ് മില്യണയറിലെ ജയ്‌ഹോ എന്ന ഗാനം അദ്ദേഹം കമ്പോസ് ചെയ്തതല്ലെന്ന് സംവിധായകൻ രാംഗോപാൽ വർമ്മ ആരോപിച്ചു. ഗായകൻ സുഖ്‌വിന്ദർ സിംഗ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് രാംഗോപാൽ വർമ്മ പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ

2008ൽ സുഭാഷ് ഘായ് സംവിധാനം ചെയ്ത സൽമാൻ ഖാൻ ചിത്രം യുവരാജിന് വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയത്. എന്നാൽ ഈഗാനം ചില കാരണങ്ങളാൽ ചിത്രത്തിൽ ഉപയോഗിച്ചില്ല. പിന്നീട് ഇതേ ഗാനം സ്ലംഡോഗ് മില്യണയറിൽ റഹ്മാൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആർ.വി. ജി പറഞ്ഞത്. യുവരാജിലെ പാട്ട് എത്രയും പെട്ടെന്ന് വേണമെന്ന് സുഭാഷ് ഘായ് ആവശ്യപ്പെട്ടു. എന്നാൽ ആ സമയത്ത് റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് ഗാനത്തിനായി തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ ജയ് ഹോ ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദർ സിംഗിനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് രാംഗോപാൽ വർമ്മ പറഞ്ഞു.

സംഭവത്തെ കുറിച്ച് അറിഞ്ഞ സുഭാഷ് ഘായ് എന്തിന് സുഖ്‌വിന്ദർ സിംഗിനെക്കൊണ്ട് പാട്ട് ചെയ്യിച്ചുവെന്ന് റഹ്മാനോട് ചോദിച്ചു. എന്നാൽ റഹ്മാൻ നൽകിയ മറുപടി ' നിങ്ങൾ പണം നൽകുന്നത് എന്റെ പേരിനാണ്,​ സംഗീതത്തിനല്ല. എനിക്ക് വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. താൽ എന്ന ചിത്രത്തിലെ മ്യൂസിക് എന്റെ ഡ്രൈവറോ മറ്റാരോ ആണ് ചെയ്തതെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം". എന്നായിരുന്നുവെന്ന് രാംഗോപാൽ വർമ്മ പറഞ്ഞു. താൻ ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നാണ് രാംഗോപാൽ വ‌ർമ്മ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്.

2009ൽ ഡാനി ബോയ്‌ൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയറിൽ ഗുൽസാർ,​ തൻവി എന്നിവരായിരുന്നു ഗാനരചന നിർവഹിച്ചത്. എ,​ആർ. റഹ്മാൻ,​ സുഖ്‌വിന്ദർ സിംഗ്,​ മഹാലക്ഷ്മി അയ്യർ,​ വിജയ് പ്രകാശ് എന്നിവർ ചേർന്നാണ് ജയ്‌ഹോ ഗാനം ആലപിച്ചത്. 2009ൽ മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ജയ്‌ഹോ ഓസ്കാർ നേടിയത്. ഓസ്കാറിന് പുറമേ ഗോൾഡൻ ഗ്ലോബ്,​ ബാഫ്റ്റ അവാർഡുകളും ഗാനം നേടിയിരുന്നു. അതേസമയം രാംഗോപാൽ വർമ്മയുടെ ആരോപണങ്ങളോട് എ.ആർ. റഹ്മാൻ പ്രതികരിച്ചിട്ടില്ല.