10 വർഷത്തിനുശേഷം 'വിജയനെ കണ്ട് ശ്യാമള"

Sunday 21 April 2024 6:00 AM IST

മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ചിത്രമാണ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള.ശ്രീനിവാസൻ വിജയനായും സംഗീത ശ്യാമളയായും പ്രേക്ഷക ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇടവേളയ്ക്കുശേഷം സംഗീത അഭിനയരംഗത്തേക്കു മടങ്ങിവന്നത് 2014ൽ ശ്രീനിവാസന്റെ നായികയായി നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിലൂടെയായിരുന്നു. പത്തുവർഷത്തിനുശേഷം ശ്രീനിവാസനും സംഗീതയും വീണ്ടും കണ്ടുമുട്ടി. അർജുൻ അശോകൻ, അപർണ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ എത്തിയതായിരുന്നു സംഗീത. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ ഫോണിൽ ശ്രീനിവാസനോട് സംഗീത സംസാരിച്ചു. ഉടൻ തന്നെ ശ്രീനിവാസനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. കണ്ടനാട് പാലാഴി വീട്ടിൽ എത്തിയ സംഗീതയെ ശ്രീനിവാസനും ഭാര്യ വിമലയും ചേർന്ന് സ്വീകരിച്ചു. ശ്രീനിവാസനോട് അസുഖത്തെപ്പറ്രിയും സിനിമയെപ്പറ്റിയും സംസാരിച്ചു. 35 മിനിട്ട് വീട്ടിൽ ചെലവഴിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ച സംഗീതയെ ശ്രീനിവാസൻ നിർബന്ധപൂർവ്വം പത്തുവർഷം മുൻപ് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. ശ്രീനിവാസൻ വിളിച്ചാൽ തനിക്കു ഒഴിവാക്കാൻ കഴിയില്ലെന്ന് അന്ന് സംഗീത പറഞ്ഞിരുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയോടൊപ്പമാണ് സംഗീത എത്തിയത്.പാലാഴി വീട്ടിൽനിന്ന് സംഗീത യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ചിരിയോടെ 'വിജയ നും' വിമലയും കൈവീശി കാണിച്ചു.