അട്ടിക്കൽ-തമ്പലക്കാട് റോഡ് തകർന്നു

Saturday 20 April 2024 8:27 PM IST

പൊൻകുന്നം: അധികാരികളുടേയും രാഷ്ട്രീയക്കാരുടേയും അവഗണനമൂലം തകർന്നു തരിപ്പണമായ അട്ടിക്കൽ-തമ്പലക്കാട് റോഡിലൂടെ കാൽനടയാത്രപോലും ദുഷ്‌ക്കരമായി. റോഡ് തകർന്നിട്ട് വർഷങ്ങളായി. നാട്ടുകാരുടെ പരാതിയും പ്രതിഷേധവും മുറപോലെ നടക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല.
അറ്റകുറ്റപ്പണികൾ ചെയ്യാൻപോലും പി.ഡബ്ല്യു.ഡി.തയ്യാറാകാതിരുന്നതാണ് പാത ഇത്രയും തകരാൻ കാരണം. സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. പൊൻകുന്നം പി.പി.റോഡിൽ അട്ടിക്കൽ കവലയിൽനിന്ന് ആരംഭിച്ച് ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതയുടെ ദൂരം നാലു കിലോമീറ്ററാണ്.
മാന്ത്ര പള്ളി, മഹാകാളിപാറ ക്ഷേത്രം തുടങ്ങി പ്രസിദ്ധമായ ആരാധനാലയങ്ങളിലും നിരവധി സ്‌കൂളുകളിലുമെത്താൻ നാട്ടുകാരുടെ ആശ്രയം ഈ പാത മാത്രമാണ്. തകർന്ന റോഡിലൂടെ ഓട്ടോറിക്ഷകളും ടാക്‌സികളും വരാത്തതിനാൽ അട്ടിക്കൽ, പാട്ടുപാറ, മാന്ത്ര, പനമറ്റം, തമ്പലക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. മഴക്കാലമാകുന്നതോടെ പാത കൂടുതൽ തകരും. അതോടെ സ്‌കൂൾ ബസുകളും ഇതുവഴി വരാതാകുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്തിനുമുമ്പ് റോഡ് നന്നാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Advertisement
Advertisement