കൃഷ്ണന്റെ ഗോപികയായി ബോളിവുഡ് 'ഡ്രീം ഗേൾ"

Sunday 21 April 2024 12:23 AM IST

മഥുര: ഹാട്രിക് വിജയം ലക്ഷ്യം വച്ചാണ് ബോളിവുഡ് 'ഡ്രീം ഗേൾ" ഹേമമാലിനി മഥുര ലോക്‌സഭ മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയിരിക്കുന്നത്. താൻ ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനത്തിലെ ഗോപികയാണെന്നാണ് പ്രചാരണത്തിലുടനീളം അവർ പറയുന്നത്. മഥുരയിലെ ആ‌ഡംബര ബംഗ്ലാവിൽ താമസിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. എന്നാലും 'പ്രവാസി" എന്ന ആരോപണം നിഴലായി ഹേമമാലിനിക്കുനേരെ പ്രതിപക്ഷ കക്ഷികൾ ഉപയോഗിക്കുന്നുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് മണ്ഡലത്തിലേക്ക് വരുന്നതെന്നും ജനങ്ങൾക്ക് അപ്രാപ്യയാണെന്നുമാണ് ആരോപണം.

താൻ മഥുരയിലെ 'ബ്രിജ് വാസി" ആണെന്നാണ് അവർക്കുള്ള ഹേമ മാലിനിയുടെ മറുപടി. മഥുര സ്വദേശികളെ വിശേഷിപ്പിക്കുന്നത് ബ്രിജ് വാസി എന്നാണ്. മണ്ഡലത്തിനു പുറത്തുനിന്നുള്ള ഒരാളുടെ പ്രവർത്തനം മികച്ചതായിരിക്കുമെന്നും അവർ പറയുന്നു. ബംഗ്ലാവിൽ സന്ദർശകരുടെ തിരക്കിനിടയിൽ അവർ കേരളകൗമുദിയോട് സംസാരിച്ചു.

?​മഥുരയിൽ പ്രതീക്ഷ എത്രത്തോളം

മണ്ഡലത്തിൽ പത്തുവർഷത്തിനിടെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. വിജയിക്കും.

?​കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞിരുന്നല്ലോ. ഇത്തവണ വർദ്ധിക്കുമെന്നാണോ

ഇക്കുറി വർദ്ധിക്കും.

?​മഥുരയിലെ കർഷകരുടെ പ്രശ്നങ്ങളിൽ എന്താണ് ചെയ്യുന്നത്

ഇവിടെ കർഷകർക്ക് കാര്യമായ ബുദ്ധിമുട്ടുകളില്ല. എല്ലാവരും തൃപ്തരാണ്.

?​വികസനപ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം

അടുത്ത അഞ്ചുവർഷത്തെ വികസനത്തിന്റെ റോഡ് മാപ്പ് തയ്യാറാണ്. യമുനയുടെ ശുദ്ധീകരണത്തിന് ഉൾപ്പെടെ ഒട്ടേറെ വൻകിട പദ്ധതികൾ ഒരുങ്ങുന്നുണ്ട്.

?​മുംബയിൽ നിന്ന് മഥുരയിലേക്ക് നിരന്തരമുള്ള യാത്ര വെല്ലുവിളിയല്ലേ

മുംബയിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലേക്കും അവിടെ നിന്ന് മഥുരയിലേക്കുമെത്താൻ എട്ടുമണിക്കൂർ വേണം. അത് ശീലമായി. ആത്മാർത്ഥമായാണ് മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നത്.

തീപാറും ത്രികോണ പോരാട്ടം

2014ൽ 5,​30,743 ആയിരുന്നു ഹേമ മാലിനിയുടെ ഭൂരിപക്ഷം. എന്നാൽ 2019ൽ അത് 2,​93,471 ആയി കുറഞ്ഞു. ബി.എസ്.പി സുരേഷ് സിംഗിനെയും കോൺഗ്രസ് മുകേഷ് ധംഗറിനേയും രംഗത്തിറക്കിയാണ് മത്സരം കടുപ്പിക്കുന്നത്. 2014ൽ ഹേമ മാലിനി തറപറ്റിച്ച രാഷ്ട്രീയ ലോക്ദളിന്റെ (ആർ.എൽ.ഡി) ജയന്തി ചൗധരിയും പാർട്ടിയും ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്. മണ്ഡലത്തിലെ രണ്ടുലക്ഷത്തോളം വരുന്ന ജാട്ട് വോട്ടുകൾ ഉറപ്പിക്കാനാണ് ബി.ജെ.പി നീക്കം. മൂന്നരലക്ഷത്തോളമുള്ള താക്കൂർ സമുദായ വോട്ടുകളും ഒന്നേമുക്കാൽ ലക്ഷത്തോളം ബ്രാഹ്മണ വോട്ടുകളും നിർണായകം. ധ്രുവീകരണമുണ്ടായാൽ മെച്ചം ബി.ജെ.പിക്കാകുമെന്നാണ് വിലയിരുത്തൽ. 26ന് രണ്ടാം ഘട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ്.

ഫോട്ടോ ക്യാപ്ഷൻ: പ്രചാരണത്തിനിറങ്ങും മുൻപ് ഹേമമാലിനി ബംഗ്ലാവിൽ സന്ദർശകരോടൊപ്പം

Advertisement
Advertisement