മോദി ഭരണത്തിൽ കാശ്മീരിൽ ആരും കല്ലെറിയാൻ ധൈര്യപ്പെടില്ല: ഷാ

Sunday 21 April 2024 12:25 AM IST

രാജസ്ഥാൻ: ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ രാഹുൽ ഗാന്ധിയും പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയും അനാവശ്യ പ്രവചനങ്ങൾ നടത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാജസ്ഥാനിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ജമ്മു കാശ്മീരിൽ ആരും കല്ലെറിയാൻ ധൈര്യപ്പെടില്ലെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ അവിടെ ചോരപ്പുഴ ഒഴുകുമെന്നാണ് രാഹുൽ ഗാന്ധിയും പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയും വാദിച്ചിരുന്നത്. ‌ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ചു വർഷമായി. ഇത്തരം അനാവശ്യ വിവാദങ്ങൾ നിറുത്തണം. രാഹുൽ ഗാന്ധിയെ രാഹുൽ ബാബയെന്ന് പരിഹാസത്തോടെ അഭിസംബോധന ചെയ്തായിരുന്നു അമിത് ഷായുടെ പ്രതികരണം. രാജസ്ഥാനിലെ മുഴുവൻ ലോക്‌സഭ സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പ് കോൺ​ഗ്രസിനെ തുടച്ചുനീക്കുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് രണ്ടു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 12 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടന്നു. ബാക്കി 13 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് 26ന് ‌നടക്കും.

Advertisement
Advertisement