മാവേലിക്കരയിൽ ആവേശത്തിരയിളക്കി ബൈജു കലാശാല

Sunday 21 April 2024 1:42 AM IST

മാവേലിക്കര: മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സ്നേഹപ്പൂക്കൾ കോരിച്ചൊരിഞ്ഞും മാവേലിക്കരയിൽ ആവേശത്തിരയിളക്കി എൻ.ഡി.എ സ്ഥാനാർത്ഥി ബൈജുകലാശാല. വള്ളികുന്നം കാഞ്ഞിരത്തിൻമൂട്ടിൽ നിന്നാണ് ബൈജു കലാശാലയുടെ സ്വീകരണ പരിപാടി ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വളളികുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ബി.ജെ.പി,​ ബി.ഡി.ജെ.എസ് പ്രവർത്തകർ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി വള്ളികുന്നം - താമരക്കുളം പഞ്ചായത്തുകളുടെ അതിർത്തിയായ കാഞ്ഞിരത്തിൻമൂട് ജംഗ്ഷനിലെത്തിച്ചേർന്നിരുന്നു.

അതിരാവിലെ ജന്മനാടായ താമാരക്കുളത്തെ ചില പൗരപ്രമുഖരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ച് അനുഗ്രഹങ്ങൾ വാങ്ങിയശേഷമാണ് ബൈജു കലാശാല കാഞ്ഞിരത്തിൻമൂട്ടിലെത്തിയത്. ഇതോടെ പ്രവർത്തകർ ആവേശത്തിലായി. ജംഗ്ഷനിലെ കടകളിലും സമീപത്തെ വീടുകളിലുമെല്ലാം വോട്ടഭ്യർത്ഥിച്ചശേഷമായിരുന്നു സ്വീകരണ പരിപാടി ആരംഭിച്ചത്. ബി.ജെ.പി ജില്ലാ ട്രഷറർ കെ.ജി.കർത്ത ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ഷൻ ഏജന്റ് ഗോപൻ ചെന്നിത്തല, എൻ.ഡി.എ നേതാക്കളായ വി.കെ വാസുദേവൻ, വിനയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തെക്കൻ അതിർത്തി ഗ്രാമങ്ങളിലേക്കായിരുന്നു സ്വീകരണ പര്യടനം. സ്ഥാനാർത്ഥിയുടെ വരവറിയിച്ച് അനൗൺസ്മെന്റ് വാഹനം താളീരാടിയിലേക്ക് പാഞ്ഞതിന് പിന്നാലെ റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത് തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിയും ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥിക്കും മോദിക്കും ജയ് വിളിച്ച് നൂറ് കണക്കിന് പ്രവർത്തകരും കൂടെക്കൂടിയതോടെ വള്ളികുന്നം കാവിക്കടലായി. കന്നിമേൽ, വാളാച്ചാൽ, വട്ടയ്ക്കാട് വഴി പ്രധാന മാർക്കറ്റായ ചൂനാട് ജംഗ്ഷനിലെത്തിയപ്പോഴേക്കും സമയം നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂർ വൈകി. മേടച്ചൂട് കൂസാതെ കടകളിലും വഴികളിലുണ്ടായിരുന്ന മുഴുവൻ പേരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. അവിടെ നിന്ന് മണക്കാട്, കൊണ്ടോടിമുകൾ, പുത്തൻചന്തവഴി കരിമുളയ്ക്കലെത്തിയ ജാഥ,​ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക്ശേഷം കോട്ടമുക്കിലെ പഞ്ചായത്തംഗം സവിതാസുജിയുടെ വീട്ടിൽ ഉച്ചയൂണിനെത്തിയപ്പോഴേക്കും മൂന്നുമണിയോളമായി. അരമണിക്കൂറിനുള്ളിൽ ഭക്ഷണവും വിശ്രമവും പൂർത്തിയാക്കി തെക്കേക്കര, മാവേലിക്കര നഗരസഭാ പ്രദേശങ്ങളിലേക്ക് കടന്ന സ്ഥാനാർത്ഥിക്ക് ചെറുതും വലതുമായി അമ്പതോളം കേന്ദ്രങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. പുന്നമൂട്, കൊട്ടാരംപറമ്പിൽ, റെയിൽവേസ്റ്റേഷൻ, പുതിയകാവ്, പ്രായിക്കര വഴി രാത്രി എട്ടുമണിയോടെ തട്ടാരമ്പലത്തായിരുന്നു സ്വീകരണപരിപാടിയുടെ സമാപനം.

Advertisement
Advertisement