വാഴക്കുളത്ത് ട്വന്റി20 പ്രവർത്തകർക്ക് മർദ്ദനമേറ്റു രണ്ട് പേർക്കെതിരെ കേസ്

Sunday 21 April 2024 1:25 AM IST

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ തി​രഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതി​. ഒരാൾക്ക് പരിക്കേറ്റു, രണ്ട് പേർക്കെതിരെ കേസെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ ട്വന്റി20 വാഴക്കുളം പഞ്ചായത്ത് 16-ാം വാർഡ് സെക്രട്ടറി തടിയിട്ടപറമ്പ് പുളിക്കൽ വീട്ടിൽ ഗിരീഷിനെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ 18-ാം വാർഡിലാണ് സംഭവം. വ്യാഴാഴ്ച്ച തി​രഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ ഒരു വിഭാഗം യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞിരുന്നു. പഞ്ചായത്തിന് വെളിയിൽ നിന്നുളളവർ പ്രചരണത്തിന് എത്തുന്നത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞത്. പൊലീസ് ഇടപെട്ടതോടെ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി ട്വന്റി20 പ്രവർത്തകർ തിരിച്ചുപോന്നിരുന്നു. തുടർന്ന് വെളളിയാഴ്ച്ച രാവിലെ പത്ത് മണിയോടെ വാഴക്കുളം പഞ്ചായത്തിലെ അംഗങ്ങൾ മാത്രം ഉൾപ്പെട്ട സംഘം ഇതേസ്ഥലത്ത് പ്രചരണം നടത്താനെത്തിയപ്പോൾ വീണ്ടും തടയുകയും നോട്ടീസുകൾ വലിച്ചു കീറുകയും ആക്രമിക്കുകയുമായിരുന്നു. മറ്റുളള ബൂത്തിലുളളവർ ഈ ബൂത്തിൽ പ്രചരണം നടത്തരുതെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഗിരീഷിനെ ക്രൂരമായി മർദ്ദിക്കുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തുവത്രെ. വ്യാഴാഴ്ച്ചത്തെ പ്രശ്‌നത്തെത്തുടർന്ന് ട്വന്റി20 പാർട്ടി പൊലീസിനും തി​രഞ്ഞെടുപ്പ് കമ്മി​ഷനും പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ഇന്നലത്തെ ആക്രമണമെന്ന് പ്രവർത്തകർ പറഞ്ഞു. തലയ്ക്കും കൈകാലുകൾക്കും കഴുത്തിനും പരിക്കേറ്റ ഗിരീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

Advertisement
Advertisement