എസ്.ബി.ഐ സി.ഡി.എമ്മിൽ കള്ളനോട്ട്: രണ്ടുപേർ പിടിയിൽ

Sunday 21 April 2024 1:34 AM IST

കാട്ടാക്കട: എസ്.ബി.ഐ സി.ഡി.എമ്മിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.എസ്.ബി.ഐ പൂവച്ചൽ ശാഖയിലെ സി.ഡി.എം മെഷ്യനിൽ കള്ളനോട്ട് നിക്ഷേപിച്ചവരാണ് പിടിയിലായത്. പറണ്ടോട് കീഴ്പാലൂർ വിനോഭഭവൻ ഏന്തിവിള വീട്ടിൽ ബിനീഷ്(26),പറണ്ടോട് മുള്ളൻകല്ല് വിജയാ ഭവനിൽ ജയൻ(47) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ശാഖയിലെ സി.ഡി.എമ്മിൽ നിന്ന് 500ന്റെ എട്ട് കള്ളനോട്ടുകൾ ലഭിച്ചിരുന്നു.തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പണം നിക്ഷേപിച്ചവരെപ്പറ്റി വിവരം ലഭിച്ചത്.ബിനീഷ് അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.തുടർന്ന് ബാങ്ക് മാനേജർ കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.തുടർന്ന് ഇയാളുടെ ബന്ധുവായ ജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തി.ഇവിടെ നിന്ന് 500,100 രൂപ നോട്ടുകൾ സ്കാനറിന്റെ സഹായത്തോടെ നിർമ്മിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കംപ്യൂട്ടർ,സ്കാനർ,പ്രിന്റർ,പേപ്പറുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.പ്രതികളെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചു.കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാർ,ഇൻസ്‌പെക്ടർ എൻ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കാട്ടാക്കട കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement