ആവേശച്ചൂടിൽ അലതല്ലി പ്രചാരണം

Sunday 21 April 2024 1:31 AM IST

തിരുവനന്തപുരം: പോളിംഗ് ദിനം അടുക്കുന്തോറും അവസാനഘട്ട പ്രചാരണച്ചൂടിലാണ് സ്ഥാനാർത്ഥികൾ. തലസ്ഥാനത്തിന്റെ അമരക്കാരനാകാനുള്ള മത്സരത്തിലാണ് മൂവരും. വ്യത്യസ്ത രീതിയിലുള്ള മൂവരുടെയും പ്രചാരണം അണികളേയും ആവേശത്തിലാക്കി. സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ഡിജിറ്റൽ പ്രചാരണം ശക്തമായി നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പാറശാല മണ്ഡല പര്യടനം പൂർത്തിയായി. അവസാനഘട്ട പര്യടനം അമ്പൂരിപഞ്ചായത്തിലെ ശൂരവൈക്കാണിയിൽ നിന്ന് ആരംഭിച്ചു. പരിപാടി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ, കള്ളിക്കാട് ഗോപൻ, ഡി.കെ. ശശി, വാഴിച്ചൽ ഗോപൻ ബിജു തുരുത്തേൽ, ഷിബു തോമസ് തുടങ്ങിയവർ പങ്കെടുത്തു. പുരവിമല, തെന്മല, ചക്കപ്പാറ തുടങ്ങിയ ആദിവാസി കോളനികളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. അമ്പൂരി പഞ്ചായത്തിലെ ആദിവാസി മേഖലകളായ ചാക്കപ്പാറ, അയ്യൻകോണം, പുരവിമല എന്നിവിടങ്ങളിലെ ആവേശപൂരിതമായ സ്വീകരണത്തിനു ശേഷം കടത്തുവള്ളത്തിൽ മായത്ത് നൂറുകണക്കിന് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി.

തുടർന്ന് അമ്പൂരി പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി വെള്ളറട പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. രാത്രി വൈകി പര്യടനം വെള്ളറടയിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ: ആർ.എസ്. ജയൻ, ശരൺ ശശാങ്കൻ, ആന്റ്സ് തുടങ്ങിയവർ പങ്കെടുത്തു.

തലസ്ഥാനത്തിന് വികസന പദ്ധതിയുൾപ്പെടുത്തി വിഷൻ ഡോക്യുമെന്റ് പുറത്തിറക്കിയായിരുന്നു ഇന്നലത്തെ എൻ.ഡി.എസ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യാടനം. വലിയതുറയിൽ നടന്ന ചടങ്ങിൽ ബി.ജെ.പിയുടെ പ്രഭാരി പ്രകാശ് ജാവദേക്കറാണ് വിഷൻ ഡോക്യുമെന്റ് പുറത്തിറക്കിയത്.

രാവിലെ വനിതാ കൂട്ടായ്മയുടെ റാലിയും വനിതാസംഗവുമായാണ് ഇന്നലെ പര്യടനം തുടങ്ങിയത്. കവടിയാറിൽ വനിതാ റാലിയും നടത്തി. യുവാക്കളുടെ സംഗമം ഉദയ് പാലസിലും ഒളിംപ്യൻ അഞ്ജുബോബി ജോർജ്ജിന്റെ നേതൃത്വത്തിൽ ഹൈസിന്ത് ഹോട്ടൽ ഹാളിൽ കായിക താരങ്ങളുടെ യോഗവും ആറ്റുകാലിൽ പര്യടനവും നടന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണം ഇന്നലെ കോവില്ലൂർ നിന്നാണ് ആരംഭിച്ചത്. തുടർന്നുള്ള പര്യടനം ആനപ്പാറ, ആറാട്ടുകുഴി, കുതാളി, കള്ളിമൂട്, കിളിയൂർ ഡാലുംമുഖം, പനച്ചമൂട്, വേങ്കോട്, നിലമാമൂട്, കാരക്കോണം, കുന്നത്തുകാൽ, എള്ളുംവിള, നാറാണി, വണ്ടിത്തടം, മണ്ണാംകൊട്, കോട്ടയ്ക്കൽ, കോഴിക്കോട്, ആനാവൂർ, മണവാരി, പാലിയോട്, അരുവിയോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് എ.ഐ.സി.സി ജനൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത റോഡ് ഷോയും നടന്നു. വലിയതുറ മുതൽ ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. റോഡ് ഷോയ്ക്ക് ശേഷം പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ സ്ഥാനാർത്ഥി രാത്രിയും പ്രചാരണം നടത്തി. രാത്രി വൈകി മാധവപുരത്ത് പ്രചാരണം അവസാനിപ്പിച്ചു.

Advertisement
Advertisement